നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നിര്‍ദേശങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രമേയം. സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന മുന്നറിയിപ്പോടെയുള്ളതാണ് പ്രമേയം. മുതിര്‍ന്ന നേതാക്കള്‍ക്ക് 10 ശതമാനം സീറ്റ് മതി. നാലു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുത്. ജനവിരുദ്ധരെ സ്ഥാനാര്‍ഥികളാക്കിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ പറയുന്നു. മലമ്പുഴയില്‍ രണ്ട് ദിവസമായി നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പിലാണ് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട 20 നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രമേയം പാസാക്കിയത്. പ്രമേയം കെപിസിസി, എഐസിസി നേതൃത്വത്തിന് കൈമാറും.
തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. നേമം മണ്ഡലം പിടിച്ചെടുക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ജനറല്‍ സീറ്റുകളില്‍ വനിതകള്‍ക്കും പട്ടികജാതിക്കാര്‍ക്കും അവസരം നല്‍കണം. 50 വയസിനു താഴെയുള്ളവരെ ബ്ലോക്ക് പ്രസിഡന്റുമാരാക്കണം. തുടര്‍ച്ചയായി തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ രംഗത്തിറക്കി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. വിജയസാധ്യതയുള്ളവര്‍ക്കു മുന്നില്‍ ഗ്രൂപ്പ് ഒരു തടസമാകരുതെന്നും ഉള്‍പ്പെടെ നിര്‍ദേശങ്ങളാണ് പ്രമേയത്തിലുള്ളത്.
പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണമെന്നായരുന്നു പൊതു ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവ സ്ഥാനാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ലഭിച്ച വോട്ട് വ്യത്യാസം പാര്‍ട്ടി നേതൃത്വം മനസിലാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രവര്‍ത്തനവും ശക്തമായി വിമര്‍ശിക്കപ്പെട്ടു.
content highlights: Youth Congress passes resolution besides legislative assembly election ahead