താഹ ഫസല്‍ കൊച്ചി എന്‍.ഐ.എ കോടതിയില്‍ കീഴടങ്ങി; തെറ്റ് ചെയ്തിട്ടില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ

കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ഇന്നലെ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ താഹ ഫസല്‍ കൊച്ചി എന്‍.ഐ.എ കോടതിയില്‍ കീഴടങ്ങി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ പറഞ്ഞു. താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനായിരുന്നു ജാമ്യം റദ്ദാക്കിക്കൊണ്ട് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടത്. അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്. അതേസമയം, അലന്‍ ജാമ്യത്തില്‍ തുടരുകയാണ്.

കേസിലെ പ്രതികളായ താഹ ഫസലിനും അലന്‍ ഷുഹൈബിനും എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം നല്‍കിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. അലന്‍ ഷുഹൈബിന് ജാമ്യം അനുവദിച്ചതില്‍ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അലന്‍ ഷുഹൈബിന്റെ പക്കല്‍ നിന്നു പിടിച്ചെടുത്ത രേഖകളും മറ്റും താരതമ്യേന ഗുരുതരമല്ലെന്നും അറസ്റ്റിലാകുമ്‌ബോള്‍ ഇദ്ദേഹത്തിന്റെ പ്രായം 20 വയസ് മാത്രമായിരുന്നെന്നും വിലയിരുത്തിയാണ് ജാമ്യത്തില്‍ ഇടപെടാതിരുന്നത്. അലന്‍ മാനസിക രോഗത്തിനു ചികിത്സയിലാണെന്നതും കണക്കിലെടുത്തു. 2019 നവംബര്‍ ഒന്നിനാണ് ഇരു പ്രതികളെയും കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlight: Twaha Fazal appeared before NIA Court