തിരുവനന്തപുരം: സംസ്ഥാനത്ത് എപ്പോള്‍ വാക്സിന് എത്തിയാലും വാക്സിന് വിതരണത്തിന് സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രണ്ടാംഘട്ട കൊവിഡ് വാക്സിന് കുത്തിവെപ്പിന്റെ ഭാഗമായ ഡ്രൈ റണ്ണിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിലേതു പോലെ തന്നെ രാവിലെ 9 മണി മുതല്‍ 11 മണി വരെയായിരിക്കും ഡ്രൈ റണ്‍ നടത്തുക.
ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈറണ്‍ നടത്തുക. ജനുവരി 4ന് 4 ജില്ലകളില്‍ 6 കേന്ദ്രങ്ങളിലായി നടത്തിയ ഡ്രൈറണ്‍ വിജയകരമായിരുന്നെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ട വാക്സിനേഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. നാളെ എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈറണ്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് പങ്കെടുക്കുന്നത്. ആദ്യഘട്ടത്തിലേതു പോലെ തന്നെ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ഇത്തവണയും വാക്സിനേഷന് സ്വീകരിക്കാനാവുക.
3,51,457 പേരാണ് ഇതുവരെ കൊവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ സാമൂഹ്യ സുരക്ഷ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്ട്രേഷന് പുരോഗമിക്കുകയാണ്.
Content Highlight: Second phase Covid Vaccination dry run occurred in Kerala tomorrow