കാപ്പിറ്റോൾ ഹിൽ ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഡോണാൾഡ് ട്രംപ് ഭരണകൂടത്തിൽ നിന്ന് ഇന്ത്യ അകന്നുപോയതിൻ്റെ തെളിവാണിതെന്നും ബെെഡൻ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിച്ച് ഇന്ത്യ ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്നും തരൂർ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാപ്പിറ്റോളിലെ ആക്രമണങ്ങളിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുന്നത് ഒരു നല്ല സൂചനയാണ്. യുഎസുമായുള്ള ഉഭയകക്ഷി ബന്ധത്തിന് പ്രധാനമന്ത്രിയുടെ പ്രതികരണം എന്തെങ്കിലും പ്രത്യാഘാതമുണ്ടാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇത് വളരെ മികച്ച ഒരു ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു. കാപ്പിറ്റോൾ പ്രക്ഷോഭത്തിനിടെ ഇന്ത്യൻ ദേശീയ പതാക വീശിയ സംഭവം അപലപനീയമാണ്. അഭിമാന സൂചകമായി എന്നതിന് പകരം പതാകയെ ആയുധമായോ ഉപകരണമായോ ഉപയോഗിക്കുന്നത് തികച്ചും ദൌർഭാഗ്യകരമാണെന്നും തരൂർ വ്യക്തമാക്കി.
വാഷിംഗ്ടൺ ഡിസിയിലെ കലാപത്തേയും ആക്രമണത്തേയും കുറിച്ചുള്ള വാർത്തകൾ കണ്ട് വിഷമിക്കുന്നു. സമാധാനപരമായ അധികാര കെെമാറ്റമാണ് വേണ്ടത്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.
content highlights: “PM, Government Distancing Themselves From Trump”: Shashi Tharoor