ദുര്‍ബലമായ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണിയിലേക്ക് വരുന്നു; പി.സി. ജോർജ്

PC George about UDF alliance-assembly election

യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണിയില്‍ എത്തുമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് വില കല്‍പ്പിക്കാത്ത പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തിന് ജനപക്ഷത്തിന്റെ സേവനം ആവശ്യമാണെന്ന് യുഡിഎഫിന് ബോധ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി യാതൊരു തര്‍ക്കവുമില്ല. പ്രാദേശികമായ ചില തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാവുന്നതേയുള്ളൂ. അതൊന്നും ആനക്കാര്യമല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. 

യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍പന്തിയില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടേ മതിയാകൂ. മുന്നില്‍ നില്‍ക്കണമെന്ന് ഞാന്‍ ഉമ്മന്‍ചാണ്ടിയോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. യുഡിഎഫുമായുള്ള ചര്‍ച്ചയിലും അത് പറയും. ഇതുപോലെ എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരിനെതിരെ മത്സരിച്ച് കേരളം പിടിച്ചടക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള ഒരു വലിയ നേതാവ് തന്നെ മുന്‍പന്തിയില്‍ നില്‍ക്കണം. ഉമ്മന്‍ചാണ്ടിയുമായി നാല് വര്‍ഷത്തിനിടെ എന്തെങ്കിലും അഭിപ്രായ വ്യത്യാസമില്ല. കുശുമ്പന്‍മാര്‍ പലതും പറഞ്ഞുണ്ടാക്കും. രാഷ്ട്രീയത്തില്‍ എല്ലാം നേരായി പോകില്ല. നേരത്തെ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അഭിപ്രായം ഇരിമ്പുലക്കയല്ല.

രമേശ് ചെന്നിത്തല യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റായിരിക്കുന്ന കാലത്ത് സെക്രട്ടറിമാരായിരുന്ന പലരും ഏതെങ്കിലും സംസ്ഥാനത്ത് മന്ത്രിമാരോ മുഖ്യമന്ത്രിയോ ആയിട്ടുണ്ട്. കുറച്ചുവര്‍ഷം ആഭ്യന്തര മന്ത്രിയായതല്ലാതെ അദ്ദേഹം മറ്റൊരു അധികാര സ്ഥാനവും വഹിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം നിയമസഭയ്ക്കകത്ത് അതിശക്തനാണ്. പക്ഷേ പിണറായി ശക്തിപ്രഭാവത്തിലുള്ള യുദ്ധ മുഖത്ത് ഇറങ്ങുമ്പോള്‍ നമ്മുടെ ആയുധങ്ങള്‍ മുഴുവന്‍ ഉണ്ടാകണം. അതിനര്‍ത്ഥം മുന്നില്‍ ഉമ്മന്‍ചാണ്ടി  നില്‍ക്കണം എന്നാണ്. അതിനര്‍ത്ഥം ചെന്നിത്തല മോശമാണെന്ന് അല്ലെന്നും ജോര്‍ജ് പറഞ്ഞു.

മുന്നണിയില്‍ എത്തിയാല്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് അവര്‍ തരും. അതിനായി ചോദിക്കേണ്ടതില്ല. നിയമസഭയിലേക്ക് മത്സരിക്കാനുളള യോഗ്യത ഷോണ്‍ ജോര്‍ജിനുണ്ട്. മറ്റു രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ പോലെയല്ല. പഠനകാലം തൊട്ട് പൊലീസിന്റെ തൊഴി ആവശ്യത്തിന് കൊണ്ടിട്ടുണ്ട്. രാഷ്ട്രീയത്തില്‍ എല്ലാ കാര്യവും പഠിച്ചിട്ടുണ്ട്. എംഎല്‍എ ആകാനുള്ള യോഗ്യതയുമുണ്ട്. പൂഞ്ഞാര്‍ വിട്ട് താന്‍ മാറില്ല. ഷോണും ചിലപ്പോള്‍ നിയമസഭയില്‍ എന്റെ കൂടെ കാണും. ജോസ് കെ. മാണി എംപി സ്ഥാനം രാജിവെച്ചത് സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. ധാര്‍മികതയെന്നു പറയാന്‍ ജോസ് കെ. മാണിക്ക് അര്‍ഹതയില്ല.പിസി ജോര്‍ജ് അറിയിച്ചു.

content highlights: PC George about UDF alliance-assembly election