വാളയാർ കേസ് സിബിഐ അന്വേഷിക്കും; കുടുംബത്തിൻ്റെ ആവശ്യം അംഗീകരിച്ച് സർക്കാർ

വാളയാർ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈക്കാര്യത്തിൽ നിർദേശം നൽകിയത്. ആഭ്യന്ത്ര അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഉടൻ തന്നെ കേസ് സിബിഐക്ക് കെെമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിർദേശം നൽകും.

കേസ് സിബിഐക്ക് വിടണമെന്ന് മരിച്ച പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിൽ സർക്കാർ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ നിയമോപദേശം തേടിയിരുന്നു. ഇതേ തുടർന്നാണ് നടപടി.

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ ലെെംഗികമായി പീഡിപ്പിക്കപ്പെടുകയും ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസിൽ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഈ വിധി ഹെെക്കോടതി റദ്ദാക്കുകയും പുനർവിചാരണ നടത്താൻ ഉത്തരവിടുകയും ആയിരുന്നു. പ്രതികളെ 20ന് വിചാരണക്കോടതിയിൽ ഹാജരാക്കണമെന്നാണ് ഹെെക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

content highlights: Walayar case has been handed over to the CBI