കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ വിമർശനവുമായി എളമരം കരീം. അഴിമതി നടന്നിട്ടുണ്ടെങ്കിൽ മനേജ്മെൻ്റിനെതിരെ നടപടിയെടുക്കാം. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ തൊഴിലാളികളല്ല. സ്വന്തം കഴിവുകേടുകൾ തൊഴിലാളികൾക്ക് മേൽ കെട്ടിവെയ്ക്കരുതെന്നും തൊഴിലാളി വിരുദ്ധ പ്രസ്താവന പിൻവലിക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.
തൊഴിലാളികൾ ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ്. അവരുടെ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് മാനേജ്മെൻ്റാണ്. അവരെ ജോലി ചെയ്യിക്കേണ്ടത് മാനേജ്മെൻ്റാണ്. ബിജു പ്രഭാകറിൻ്റെ പരസ്യപ്രസ്താവന അനുചിതമാണ്. അത് അദ്ദേഹത്തിൻ്റെ സ്ഥാനത്തിന് ചേർന്നതല്ല. തങ്ങൾ ട്രേഡ് യൂണിയനുകൾ തൊഴിലാളികളുടേയോ ഉദ്യോഗസ്ഥരുടേയോ ഭാഗത്തുനിന്ന് എതെങ്കിലും വീഴ്ചകളോ അഴിമതികളോ ഉണ്ടാകുന്നതിനെ ന്യായീകരിക്കുന്നവരല്ല. കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ പത്രസമ്മേളനം നടത്തിയല്ല അത് പറയേണ്ടതെന്നും എളമരം കരീം പറഞ്ഞു. ബിജു പ്രഭാകറിനെതിരെ ഐഎൻടിയുസിയടക്കമുള്ള തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
content highlights: Elamaram Kareem against ksrtc MD Biju Prabhakar