നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിലെ ഇരട്ട പദവി വഹിക്കുന്ന 3 ഡിസിസി അധ്യക്ഷരെ മാറ്റാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഴിച്ചു പണികള്‍ നടത്തി സജ്ജമാകാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് യോഗത്തിലാണ് അഴിച്ചു പണികള്‍ സംബന്ധിച്ച ധാരണയായത്. കോണ്‍ഗ്രസിലെ ഇരട്ട പദവി വഹിക്കുന്ന 3 ഡിസിസി അധ്യക്ഷന്മാരെ മാറ്റാനും ഇതോടെ തീരുമാനമായി.

പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍, എറണാകുളം ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ്, വയനാട് ഡിസിസി അധ്യക്ഷന്‍ ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെയാണ് മാറ്റുന്നത്. വി.കെ ശ്രീകണ്ഠന്‍ എംപിയും മറ്റുള്ളവര്‍ എംഎല്‍എമാരുമാണ്. വൈകാതെ തന്നെ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിക്കും. മോശം പ്രകടനം നടത്തിയ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ തീരുമാനിച്ചെങ്കിലും ഉടനെ വേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.

അതേസമയം, ഇന്നലെ ചേര്‍ന്ന ഹൈക്കമാന്‍ഡ് യോഗത്തില്‍ യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തി. എ കെ ആന്റണിക്കാണ് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിയെ വളരെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും.

Content Highlight: Decision to replace 3 DCC presidents with dual office in Congress