ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വിവാദത്തില്‍. ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സര്‍ക്കാര്‍ നല്കിയ പട്ടികയില്‍ നിന്നു രണ്ട് മന്ത്രിമാരെയും രണ്ട് എംപിമാരെയും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. പകരം രണ്ട് കേന്ദ്ര മന്ത്രിമാരെ ഉള്‍പ്പെടുത്തി. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്, എംപിമാരായ എ.എം ആരിഫ്, കെ.സി വേണുഗോപാല്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പകരം വി മുരളീധരന്, ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി വിജയ് കുമാര്‍ സിംഗ് എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒഴിവാക്കിയ പേരുകളും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു തിരിച്ചയച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി ജി. സുധാകരന്, നഗരസഭാധ്യക്ഷ സൗമ്യ രാജ്, കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവര്‍ മാത്രമാണ് കേന്ദ്രം അംഗീകരിച്ച പരിപാടിയിലുള്ളത്. ചടങ്ങില്‍ നിന്ന് മന്ത്രിമാരെയും എംപിമാരെയും ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്നും അങ്ങനെ ചെയ്താല്‍ അതിനെ സംസ്ഥാന സര്‍ക്കാര്‍ വെല്ലുവിളിക്കണമെന്നും എ.എം.ആരിഫ് എംപി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് ചടങ്ങ് നടക്കുന്ന ജില്ലയിലെ എംപിമാരെ ഒഴിവാക്കാന്‍ അനുവദിക്കില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
28നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തുല്യപങ്കാളിത്തതോടെ 350 കോടിയിലധികം മുടക്കിയാണ് ബൈപ്പാസ് പൂര്‍ത്തിയാക്കിയത്. 1987ല്‍ തുടക്കമിട്ട നിര്‍മാണമാണ് നാലരപതിറ്റാണ്ടിനുശേഷം യാഥാര്‍ത്ഥ്യമാകുന്നത്.
content highlights: Alappuzha bypass inauguration on the controversy