വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപെട്ട് പെൺകുട്ടികളുടെ അമ്മ നിരാഹാര സമരത്തിൽ

Valayar mother hunger strike demanding action against police

വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപെട്ട് പെൺകുട്ടികളുടെ അമ്മ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. രാവിലെ പത്തിന് പാലക്കാട് സ്റ്റേഡിയെ ബസ് സ്റ്റാന്റിന് സമീപത്താണ് നിരാഹാര സമരം ആരംഭിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സോജൻ ഉൾപെടെയുള്ളവർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വിചാരണ കോടതി പുനരന്വേഷണ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപെട്ടുള്ള പെൺകുട്ടികളുടെ അമ്മയുടെ സമരം.

2017 ജനുവരി 13 നാണ് മൂത്ത മകളെ ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ദുരൂഹ മരണത്തിന്റെ 52-ാം നാൾ രണ്ടാമത്തെ കുട്ടിയെയും സമാന രീതിയിൽ മരണപെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെന്ന ആരോപണം സാധൂകരിക്കും തരത്തിലായിരുന്നു പിന്നീടുള്ള സംഭവങ്ങൾ. പ്രതികളായ നാല് പേരെയും തെളിവില്ലെന്ന വ്യാജേന പോക്സോ കോടതി വെറുതെ വിടുകയായിരുന്നു. പിന്നീട് ഹൈക്കോടതി പുനർവിചാരണക്ക് ഉത്തരവിട്ടു. ഇപ്പോൾ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപെട്ടാണ് നീതി തേടി ആ അമ്മ വീണ്ടും സമരം ആരംഭിക്കുന്നത്.

വാളയാർ കേസിൽ ലോക്കൽ പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കേസിന്റെ പ്രാരംഭ ഘട്ടത്തിലെ അന്വേഷണം തന്നെ അവജ്ഞ ഉളവാക്കുന്നുവെന്നാണ് കോടതി വിമർശിച്ചത്. തുടക്കത്തിലെ പാളിച്ചകൾ മൂലം പിന്നീട് അന്വേഷണം ഏറ്റെടുത്ത ഡിവൈഎസ്പിക്ക് ഫലപ്രദമായി അന്വേഷണം നടത്താനായില്ല. കാര്യക്ഷമത ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പോലീസിന് ഒന്നാകെ നാണക്കേടാണെന്നും ഹൈക്കോടതി വിമർശിച്ചു. കൂടാതെ പോലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും പ്രധാന കേസുകളുടെ അന്വേഷണത്തിലെ ഗൌരവതരമായ പാളിച്ചകൾ ഭരണ സംവിധാനത്തോട് അവമതിപ്പ് ഉണ്ടാക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Content Highlights; Valayar mother hunger strike demanding action against police