ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശബരിമലയില്‍ യുഡിഎഫ് ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിലാണ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സുപ്രീം കോടതിയുടെ സജീവ പരിഗണനയിലിരിക്കുന്നതാണ് ശബരിമല വിഷയം. ഞങ്ങള്‍ എന്തായാലും അതിന്റെ പിന്നാലെയൊന്നും പോകാന്‍ പോകുന്നില്ലെന്നും കാനം പറഞ്ഞു.
2016-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റ് ആയിരിക്കെ ദേവസ്വം ബോര്‍ഡ് നല്കിയ സത്യവാങ്മൂലമാണ് ഇപ്പോഴും ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉളളതെന്ന് കാനം പറഞ്ഞു. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ വലിയ പരാജയത്തിനു കാരണം ശബരിമല വിഷയം കൊണ്ടല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഒരു മതനിരപേക്ഷ സര്‍ക്കാരുണ്ടാക്കാന്‍ എല്‍.ഡി.എഫിനേക്കാള്‍ പ്രാപ്തമായിട്ടുള്ളത് കോണ്‍ഗ്രസിന് ആണെന്ന് സാധാരണ ജനങ്ങള്‍ തെറ്റിദ്ധരിച്ചു. ശബരിമല സമരമാണ് തിരഞ്ഞെടുപ്പില്‍ സജീവ വിഷയമായത് എങ്കില്‍ സമരം ചെയ്ത, ബിജെപിക്കാര്‍ അല്ലേ ജയിക്കേണ്ടത്. അവര്‍ ജയിച്ചില്ലല്ലോ എന്നും കാനം പറഞ്ഞു.
ശബരിമലയില്‍ ഇപ്പോള്‍ ഒരു വിഷയവുമില്ല. രമേശ് ചെന്നിത്തല പറയട്ടെ, ശബരമലയില്‍ ഇപ്പോള്‍ എന്താണ് പ്രശ്നമെന്ന്. അവിടെ പൂജ നടക്കുന്നില്ലേ, ആരാധന നടക്കുന്നിന്നില്ലേ, ആചാരങ്ങള്‍ അനുഷ്ഠിക്കുന്നില്ലേ. പിന്നെ എന്താണ് പ്രശ്നം. കാനം ചോദിച്ചു. ദേവസ്വം ബോര്‍ഡ് നല്കിയ സത്യവാങ്മൂലം, പിന്നീട് ദേവസ്വം ബോര്‍ഡിന്റെ ഭരണം മാറിയെങ്കിലും സത്യവാങ്മൂലം മാറിയിട്ടില്ല. പ്രയാര്‍ ഗോപാലകൃഷ്ണനോ മറ്റോ ആണ് അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അദ്ദേഹം അന്ന് എന്ത് സത്യവാങ്മൂലം കൊടുത്തോ, അതേ സത്യവാങ്മൂലമാണ് ഇന്നും നിലനില്‍ക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണം നടത്തുമെന്ന യുഡിഎഫ് നിലപാടിനോട് അവര്‍ അധികാരത്തില്‍ വരുമെങ്കില്‍ എന്ത് നിയമം വേണമെങ്കിലും കൊണ്ടുവരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ സംസ്ഥാന നിയമസഭ ഒരു നിയമം കൊണ്ടുവരും എന്നു പറഞ്ഞാല്‍ നമ്മുടെ നിയമനിര്‍മാണ ചരിത്രത്തെ കുറിച്ച് സാമാന്യധാരണയുള്ളവര്‍ ആരും വിശ്വസിക്കില്ല കാനം പറഞ്ഞു.
content highlights: CPI leader Kanam Rajendran on Sabarimala issue