ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ

ED approaches supreme court in order to cancel Bail of  M Sivasankar

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ച മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കും എന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു. 

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണൽ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ആണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കണക്കിൽ പെടാത്ത 64 ലക്ഷം രൂപ  തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലാണ്. ഈ കേസിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ശിവശങ്കറിന് എതിരെ തെളിവുകൾ ഇല്ലെന്ന് ഹൈക്കോടതിയും പറഞ്ഞിട്ടില്ല എന്നാണ് ഇ ഡി യുടെ വാദം. ഈ സാഹചര്യത്തിൽ ജാമ്യം അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ഇ ഡി കോടതിയിൽ ആവശ്യപ്പെടും. 

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി കേരള ഹൈക്കോടതിയിൽ ഹാജരായിരുന്നത് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആയിരുന്നു. അദ്ദേഹവും ആയി ഇ ഡി യുടെ മുതിർന്ന മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തിയ ശേഷം ആണ് സുപ്രീം കോടതിയിൽ ഹർജി നൽകാൻ തീരുമാനിച്ചത്. ഇ ഡി ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവോ ആകും സുപ്രീം കോടതിയിൽ ഹാജരാകുക.

content highlights: ED approaches supreme court in order to cancel Bail of  M Sivasankar