പുതുച്ചേരിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ് പ്രതിപക്ഷമായ ബിജെപി. അതിനിടെ കിരണ്‍ ബേദിയെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാഷ്ട്രപതി നീക്കി. തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധിക ചുമതല നല്‍കുകയും ചെയ്തു.
ഒരു എംഎല്‍എ കൂടി രാജിവെച്ചതോടെ വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാകുമോയെന്ന ആശങ്കകള്‍ നിലനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി രാഹുല്‍ഗാന്ധി പുതുച്ചേരിയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു മുന്‍ പുതുച്ചേരി കോണ്‍ഗ്രസ് അധ്യക്ഷന്‍ നമശിവായത്തിനും മന്ത്രി കൃഷ്ണറാവുവിനും പിന്നാലെ രണ്ട് എംഎല്‍എമാര്‍ കൂടി ഇന്നലെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതോടെ 30 അംഗ സഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭൂരിപക്ഷം 14 ആയി ചുരുങ്ങി. കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാനുള്ള നീക്കത്തിലാണ്.
സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപി നേതൃത്വത്തിലുള്ള പ്രതിപക്ഷം ശ്രമിക്കുന്നത്. അവിശ്വാസ പ്രമേയത്തിനുമുമ്പ് രാജിവെക്കാന്‍ നാരായണസ്വാമി തയാറായെങ്കിലും ഹൈക്കമാന്‍ഡ് ഇടപെട്ട് തീരുമാനം തിരുത്തുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നാരായണ സ്വാമിക്കെതിരെ രംഗത്തുവന്നിരുന്നു. സീറ്റ് വിഭജനത്തില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നായിരുന്നു ആരോപണങ്ങള്‍. അതിനിടെയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കിരണ്‍ ബേദിയെ മാറ്റിയതായി പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ ഓഫിസ് ഇന്നലെ രാത്രിയോടെ അറിയിച്ചത്.
content highlights: Kiran Bedi Removed as Puducherry L-G, Telangana Guv Given Charge