വിവാദ ഉത്തരവ് പിന്‍വലിച്ചു; അതിര്‍ത്തി തുറന്ന് കർണാടക

Karnataka not to intensify restriction

കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക – കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തത്ക്കാലത്തേക്ക് കര്‍ണാടക പിന്‍വലിച്ചു. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കികൊണ്ടുള്ള നിയന്ത്രണത്തിലാണ് ഇളവ് ഏര്‍പ്പെടുത്തിയത്. വാഹനയാത്രികർക്ക് ഇപ്പോൾ യഥേഷ്ടം സഞ്ചരിക്കാം. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്നുമുതൽ കടത്തിവിടില്ല എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കേളത്തില്‍ കോവിഡ് വര്‍ധിച്ച പശ്ചാത്തലത്തില്‍ 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍.ടി.പി.സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നായിരുന്നു കര്‍ണാടകയുടെ നിലപാട്. തിങ്കളാഴ്ച മുതല്‍ നടപ്പാക്കാനിരുന്ന തീരുമാനം പ്രതിഷേധവും പ്രായോഗിക ബുദ്ധിമുട്ടും കണക്കിലെടുത്ത്  ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. 

അതിനിടെ കർണാടക സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ തുളു അക്കാദമി മുൻ ചെയർമാൻ സുബ്ബയ്യ റൈ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. കർണാടക സർക്കാർ നടപടിയിൽ സർക്കാർ തലത്തിൽ ചർച്ച നടത്തുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.   

രണ്ട് ദിവസത്തേക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്നാണ് കര്‍ണാടകയുടെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ പുതിയ ചില നിര്‍ദേശം കര്‍ണാടക മുന്നോട്ട് വെച്ചിട്ടുണ്ട്. തലപ്പാടി ദേശീയ പാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളിലെല്ലാം ആന്റിജന്‍ ടെസ്റ്റിനുള്ള സംവിധാനം കര്‍ണാടക തന്നെ ഏര്‍പ്പെടുത്തും. ആന്റിജന്‍ ടെസ്റ്റ് കേന്ദ്രങ്ങളില്‍ സാമ്പിളുകള്‍ ശേഖരിച്ച ശേഷം യാത്രക്കാരെ കടത്തിവിടാനാണ് കര്‍ണാടകയുടെ പുതിയ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് അതിര്‍ത്തിയില്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിന് പകരം കോളേജുകളില്‍ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

content highlights: Karnataka not to intensify restriction