മുഖ്യമന്ത്രിക്കെതിരേ ധര്‍മടത്ത് മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധര്‍മടം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സമര സമിതിയുമായി ആലോചിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് തീരുമാനമെന്നും പെണ്‍കുട്ടികളുടെ അമ്മ  പറഞ്ഞു. കേരള യാത്ര തൃശൂരിലെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം അമ്മ വ്യക്തമാക്കിയത്.

കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദം ഉയര്‍ത്താന്‍ കിട്ടുന്ന അവസരമാണിത്. മക്കളുടെ നീതിക്കുവേണ്ടിയാണ് പിണറായി വിജയനെതിരെ മത്സരിക്കുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. സംഘപരിവാര്‍ ഒഴികെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് ഇതുവരെ ധര്‍മടത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവരെ പിന്തുണയ്ക്കുന്ന കാര്യം ആലോചനയിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. മത്സരിക്കാനുള്ള തീരുമാനം ശരിയാണെന്നും അമ്മയുടെ തീരുമാനം തിരഞ്ഞെടുപ്പിന്റെ മാനം വര്‍ധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കേസന്വേഷണം അട്ടിമറിച്ച ഡിവൈഎസ്പി സോജന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കുട്ടികളുടെ അമ്മ നേരത്തെ തല മുണ്ഡനം ചെയ്തിരുന്നു. കേരള യാത്ര ധർമ്മടത്തെത്തിയപ്പോൾ സ്വീകരിക്കാൻ കുറേ അമ്മമാർ എത്തിയിരുന്നുവെന്നും അവർക്ക് താൻ ഒരു കത്ത് നൽകിയെന്നും അമ്മ പറഞ്ഞു. ധർമ്മടത്ത് വോട്ട് തേടിയെത്തുന്ന മുഖ്യമന്ത്രിയോട് തന്റെ മക്കൾക്ക് നീതി തേടി തലമുണ്ഡനം ചെയ്ത ഒരമ്മ ഇവിടെ വന്നിരുന്നുവെന്ന് പറയണമെന്നാണ് ആവശ്യപ്പെട്ടത്. തനിക്ക് നീതി നൽകിയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു.

content highlights: walayar girls mother to contest against CM Pinarayi Vijayan In Dharmadom