രാജ്യത്ത് 24 മണിക്കൂറിനിടെ 35,871 രോഗികള്‍

രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്നര മാസത്തിനിടെ ഏറ്റവും ഉര്‍ന്ന പ്രതിദിന രോഗബാധ നിരക്കാണിത്. 172 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 17,741 പേര്‍ രോഗമുക്തരായി. ആകെ 1,14,74,605 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1,59,216 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1,10,63,025 പേര്‍ രോഗമുക്തരായി. നിലവില്‍ 2,52,364 പേരാണ് ചികിത്സയിലുള്ളത്. 1.39 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്.

രാജ്യത്ത് 23,03,13,163 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. രാജ്യവ്യാപക കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 3,71,43,255 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 20,78,719 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. 24 മണിക്കൂറിനിടെ 23,179 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നാഗ്പുരില്‍ മാത്രം ഇന്നലെ 2698 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധയുടെ കാര്യത്തില്‍ പഞ്ചാബ് (2039), ഗുജറാത്ത് (1122), കേരളം (2098), കര്‍ണാടക (1275) എന്നീ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് നാഗ്പുര്‍. പ്രതിദിന കോവിഡ് ബാധിതരുടെ കാര്യത്തില്‍ നാഗ്പുര്‍ ആദ്യമായാണ് മുംബൈയെ മറികടക്കുന്നത്. മഹാരാഷ്ട്രയില്‍ ആകെ 23,70,507 പേര്‍ക്കാണ് രോഗം ബാധിച്ചത്. 21,63,391 പേര്‍ രോഗമുക്തരായി. 53080 പേര്‍ രോഗബാധിതരായി മരിച്ചു.

content highlights: India’s Daily Covid Cases Surge To 35,871, Highest Since Early December: