72,000 രൂപയുടെ ‘ന്യായ്’, സൗജന്യകിറ്റ്, ക്ഷേമ പെന്‍ഷന്‍ 3000 രൂപ, 100 യൂണിറ്റ് സൗജന്യ വൈദ്യുതി; യുഡിഎഫ് പ്രകടനപത്രിക

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ വരെ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിര്‍മ്മാണം എന്നിവയടങ്ങുന്നതാണ് പ്രകടനപത്രിക വാഗ്ദാനങ്ങള്‍. ആറ് മാസത്തെ നിരന്തരമായ ചര്‍ച്ചകളുടെയും സംവാദങ്ങളിലൂടെയും വ്യത്യസ്ത മേഖലയിലുള്ള ജനങ്ങളുമായി ആശയവിനിമയം നടത്തിയാണ് പത്രിക തയാറാക്കിയത്. ‘ഇത് ജനകീയ മാനിഫെസ്‌റ്റോയാണ്. യുഡിഎഫിനെ സംബന്ധിച്ച് ഈ പ്രകടനപത്രിക ഞങ്ങളുടെ ഗീതയാണ്, ബൈബിളാണ്, ഖുറാനാണ്. ഐശ്വര്യ കേരളത്തിനായുള്ള പ്രയത്‌നമാണ്’. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കുടുംബങ്ങൾക്കു പ്രതിമാസം 6000രൂപ മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന ആകർഷണം. സാമൂഹിക ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്നു പത്രികയിൽ പറയുന്നു. ക്ഷേമപെൻഷൻ വിതരണത്തിനു കമ്മിഷൻ രൂപീകരിക്കും. 40–60 വയസിനിടയിലുള്ള ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടമ്മമാർക്കു 2000 രൂപ പെൻഷൻ നൽകും. എല്ലാ വെള്ളക്കാർഡുകാർക്കും പ്രതിമാസം 5 കിലോ അരി നൽകും. ശബരിമലയിലെ ആചാരണ സംരക്ഷണത്തിനു പ്രത്യേക നിയമം നടപ്പിലാക്കും. ‌ലൈഫ് പദ്ധതിയിലെ അപാകത പരിഹരിച്ച് സമഗ്രമായ പദ്ധതി തയാറാക്കും.

കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും. പിഎസ്‌സിയുടെ സമ്പൂർണ പരിഷ്ക്കരണം നടപ്പിലാക്കും. ഒഴിവുകൾ റിപ്പോർട്ടു ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും. പീസ് ആൻഡ് ഹാർമണി എന്ന പേരിൽ പുതിയ വകുപ്പ് രൂപീകരിക്കും. കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ കിറ്റ്.

മാനിഫെസ്റ്റോ കമ്മിറ്റി കൺവീനർ ബെന്നി ബെഹന്നാനാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ജനങ്ങളുടെ മാനിഫെസ്റ്റോ ആണിതെന്നും ലോകോത്തര നിലവാരത്തിലേക്കു കേരളത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരളം കെട്ടിപെടുക്കുക എന്ന ദൗത്യമാണ് യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

content highlights: UDF Releases Election Manifesto