കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടര്‍ന്ന് മൂന്നിടങ്ങളില്‍ ഹര്‍ത്താല്‍. കണ്ണൂര്‍, ധര്‍മടം, തലശേരി എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൃതദേഹം ഇന്ന് 11മണിക്ക് മട്ടന്നൂരില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും.
സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയില്‍ നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍വെച്ച് ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.
ഓഗസ്റ്റ് 29 ന് പ്രത്യേക എയര്‍ ആംബുലന്‍സിലാണ് കോടിയേരി ബാലകൃഷ്ണനെ തുടര്‍ ചികിത്സകള്‍ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിന്റെ അവശതയും കണക്കിലെടുത്താണ് ചികിത്സ ചെന്നൈയിലേക്ക് മാറ്റിയത്. നേരത്തെ അമേരിക്കയില്‍ ചികിത്സിച്ച ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചായിരുന്നു അപ്പോളോയില്‍ കോടിയേരിയെ ചികിത്സിച്ചുവന്നത്.