ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മസ്തിഷ്ക മരണങ്ങള് നിര്‍ണയിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ മാറുന്നതിനും അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അരോഗ്യവകുപ്പ് മസ്തിഷ്കമരണ നിര്‍ണയം നിര്‍ബന്ധമാക്കുന്നത്. കൂടാതെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് മാനേജ്മെന്റ് സംവിധാനവും(ടി.പി.എം.) നടപ്പാക്കും.ന്യൂറോളജി, അനസ്തേഷ്യ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍ക്കായിരിക്കും ടി.പി.എമ്മിന്റെ ചുമതല.
ഇന്ത്യയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സംവിധാനം ഒരുക്കുന്നത്. മസ്തിഷ്കമരണ നിര്‍ണയം വൈകുന്നതുമൂലം ഐ.സി.യു, വെന്റിലേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ മറ്റ് രോഗികള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന്റെ ഈ നടപടി.
മസ്തിഷ്കമരണം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. അവയവദാനം ഏറ്റവുമധികം നടക്കുന്ന സ്പെയിനിലെ ഡൊണേഷന്‍ ആന്‍ഡ് ട്രാന്സ്പ്ലാന്റേഷന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഡി.ടി.െഎ.)നിന്നുള്ള വിദഗ്ധ സംഘത്തിന്റെയും കേരള നെറ്റ്വര്‍ക്ക് ഓഫ് ഒര്ഗണ് ഷെയറിങിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച മുതല്‍ പരിശീലനം തുടങ്ങും. മസ്തിഷ്കമരണ നിര്‍ണയം നിര്‍ബന്ധമാക്കുന്നതോടെ മരണാനന്തര അവയവദാനം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കാനാവുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശ്വാസം.