അണക്കെട്ടുകള്‍ തുറക്കാന്‍ ഇനി 36 മണിക്കൂര്‍ മുമ്പേ അനുമതി നേടണം

തിരുവനന്തപുരം: അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാല്‍ കെഎസ്ഇബിയും ജലസേചനവകുപ്പും 36 മണിക്കൂറിന് മുമ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ച് അനുമതി നേടണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. കളക്ടറുടെ അനുമതി ഇല്ലാതെ ഡാമുകള്‍ തുറക്കാന്‍ പാടില്ല. അനുമതി കൊടുക്കുന്നതിന് മുമ്പ് വെള്ളം എത്രത്തോളം ഉയരുമെന്ന് കണക്കാക്കി ആ മേഖലയിലെ ജനങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കണം.

എല്ലാ അണക്കെട്ടുകളുടെയും നീല, ഓറഞ്ച്, റെഡ് അലെര്‍ട്ട് ജലനിരപ്പും ഡാമുകളിലെ ജലനിരപ്പ് എത്ര വരെയാകാം, എത്ര ഭാഗം ഒഴിച്ചിടണം തുടങ്ങിയവ തീരുമാനിക്കാനുള്ള അടിസ്ഥാനരേഖയായ ‘റൂള്‍ കെര്‍വ്’ അനുസരിച്ച് ഏതു സാഹചര്യത്തില്‍ ഡാം തുറന്നുവിടും എന്നുമുള്ള വിവരങ്ങള്‍ കെഎസ്ഇബിയും ജലസേചന വകുപ്പും അറിയിക്കണം. അണക്കെട്ടു സ്ഥിതി ചെയ്യുന്നതും വെള്ളം ഒഴുകിപ്പോകുന്നതുമായ ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റിയെയാണ് വിവരം അറിയിക്കേണ്ടത്. ഇത് അതോറിറ്റി പരിശോധിച്ച് നിര്‍ദേശങ്ങള്‍ സഹിതം അംഗീകാരം നല്‍കണം.

ഡാം തുറക്കുന്ന സാഹചര്യത്തില്‍ വെള്ളം ഒഴുകുന്ന മേഖലയിലെ തദ്ദേശസ്ഥാപന മേധാവികളെ 24 മണിക്കൂര്‍ മുമ്പേ അറിയിക്കണം.
അപകട മേഖലയിലെ ജനങ്ങള്‍ക്ക് 15 മണിക്കൂര്‍ മുന്‍പ് ലൗഡ് സ്പീക്കര്‍ വഴി നേരിട്ട് മുന്നറിയിപ്പ് അറിയിക്കണം. ജില്ലാതല എമര്‍ജന്‍സി സെന്ററുകളില്‍ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എന്‍ജിനിയറെ 24 മണിക്കൂറും നിയോഗിക്കണം. ജില്ലകളിലെ മഴയെക്കുറിച്ചും പുഴകളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പിനെക്കുറിച്ചും ദിവസവും ഈ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കണം. മലയോര ജില്ലകളിലെ എമര്‍ജന്‍സി സെന്ററുകളില്‍ ഭൂജല വകുപ്പിലെയോ ജിയോളജി വകുപ്പിലെയോ വിദഗ്ധനെ 24 മണിക്കൂറും നിയോഗിക്കണം. മഴയുടെ തോതനുസരിച്ചു മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.