ഒഡീഷ മുഖ്യമന്ത്രിയായി നവീന്‍ പട്‌നായിക് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കട്ടക്ക്: ഒഡീഷ മുഖ്യമന്ത്രിയായി ബി.ജെ.ഡി നേതാവ് നവീന്‍ പട്‌നായിക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതോടെ നവീന്‍ പട്നായിക്ക് സംസ്ഥാനത്ത് അഞ്ചാം തവണയാണ് മുഖ്യമന്ത്രിയായി തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നവീന്‍ പട്‌നായിക് ക്ഷണിച്ചിട്ടുണ്ട്.

ഫെനി ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഘട്ടത്തിലാണ് ഈ തവണ ഒഡിഷയില്‍ തെരഞ്ഞെടുപ്പ നടന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ നവീന്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. തുടര്‍ച്ചയായ അഞ്ചാം തവണയും അധികാരത്തിലെത്തുന്നത് ഇതും സഹായകമായി.ഒഡിഷയില്‍ 146 സീറ്റുകളില്‍ 103ലും ബിജെഡി വിജയിച്ചു. ബിജെപിയ്ക്ക് 31 സീറ്റ് ലഭിച്ചപ്പോള്‍ യുപിഎ വെറും 13 സീറ്റില്‍ ഒതുങ്ങി.

2000 ല്‍ ബിജെപിയുമായി സഖ്യം രൂപീകരിച്ചാണ് ആദ്യമായി ബിജെഡി അധികാരത്തിലെത്തുന്നത്. തുടര്‍ന്ന് 2004 ,2009 ,2014 തെരഞ്ഞെടുപ്പുകളിലും അവര്‍ ഒഡിഷയില്‍ വെന്നിക്കൊടി പാറിച്ചു. എന്നാല്‍ 2014 നേക്കാള്‍ 14 സീറ്റ് കുറവാണ് ഇത്തവണ ജനതാദളിന്. 2014 ല്‍ 117 സീറ്റുകളില്‍ ബിജെഡിക്ക് ഒഡിഷയില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു.അതേസമയം അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി ആയി ബി.ജെ.പി നേതാവ് പേമ ഖണ്ഡുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.