രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരത്തിലേറും. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടേയും സമാധി സ്ഥലങ്ങളിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി നരേന്ദ്രമോദി. രാവിലെ ഏഴ് മണിയോടെയാണ് നിയുക്ത പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് പ്രണാമം അര്‍പ്പിച്ചത്. തുടര്‍ന്ന് വാജ്‌പേയിയുടെ സമാധി സ്ഥലത്തേക്കാണ് മോദി പോയത്. മോദിയും അമിത് ഷായും നിയുക്ത എംപിമാരും സദേവ് അടല്‍ തുടങ്ങിയവർ പുഷ്പാര്‍ച്ചന നടത്തി.
ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട 303 എംപിമാരും രാവിലെ വാജ്‌പേയിയുടെ സമാധിയിലെത്തണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. നിയുക്ത എംപിമാര്‍ക്കൊപ്പം ബിജെപിയുടെ രാജ്യസഭാ എംപിമാരും മറ്റ് പ്രമുഖ നേതാക്കളും വാജ്‌പേയി സമാധിയിലെത്തി. വാജ്‌പേയിയുടെ വളര്‍ത്തുമകളായ നമിത വാജ്‌പേയി അടക്കമുള്ളവര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. തുടര്‍ന്ന് ഇന്ത്യാ ഗേറ്റിലെത്തിയ പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മൂന്ന് സേനാ തലവന്‍മാര്‍ക്ക് ഒപ്പമാണ് മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്.
പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മോദിയെ സ്വീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നരേന്ദ്രമോദി യുദ്ധസ്മാരകം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. തുടര്‍ന്ന് നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ മന്ത്രിസഭയില്‍ ഉള്ള എല്ലാവരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തില്ല എന്ന് ക്യാബിനറ്റ് യോഗത്തില്‍ തന്നെ മോദി സൂചന നല്‍കിയിരുന്നു. മന്ത്രിസഭയില്‍ എത്ര അംഗങ്ങളുണ്ടാകുമെന്നത് അടക്കമുള്ള വിവരങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ല.
ഇന്ന് വൈകിട്ട് ഏഴിനാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദിക്കൊപ്പം രാജ്‌നാഥ് സിംഗ്, നിതിന്‍ഗഡ്കരി, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍, സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്‍, നരേന്ദ്രസിംഗ് തോമര്‍, അര്‍ജുന്‍ മേഘ്വാള്‍ തുടങ്ങി ഒന്നാം മോദി സര്‍ക്കാരിലെ പ്രമുഖരും ഏതാനും പുതുമുഖങ്ങളും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.