സോണിയാ ഗാന്ധി കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ

കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മന്‍മോഹന്‍ സിങാണ് സോണിയ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചത്. നേരത്തെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധിയാണ് കൈകാര്യം ചെയ്തിരുന്നത്. എല്ലാ എംപിമാരും ഒറ്റക്കെട്ടായി സോണിയയെ പിന്തുണച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാട് തുടരുന്നതിനിടയിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്. രാവിലെ പത്തരയ്ക്കാണ് യോഗം ആരംഭിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്. മാത്രമല്ല, രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയരുതെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം ആവശ്യപ്പെടും.

കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ലോക്സഭ നേതൃപദവി ഏറ്റെടുക്കാമെന്നാണ് മുതിര്‍ന്ന നേതാക്കളോട് രാഹുല്‍ പറഞ്ഞതെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മറ്റ് മുതിര്‍ന്ന എംപിമാരെ മാറ്റി നിര്‍ത്തി രാഹുല്‍ തന്നെ ലോക്സഭ കക്ഷി നേതാവായി എത്തും. എന്നാല്‍ അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടേക്കും.