വ്യോമയാന നിയന്ത്രണം പിന്‍വലിച്ച് ഇന്ത്യന്‍ വ്യോമസേന

ബാലാക്കോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ താല്‍കാലിക വ്യോമയാന നിയന്ത്രണം ഐഎഎഫ് പിന്‍വലിക്കുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഐഎഎഫിന്റെ പുതിയ തീരുമാനം. ഫെബ്രുവരി 27 നുണ്ടായ ബാലാകോട്ട് ആക്രമണത്തിന് ശേഷമാണ് എല്ലാ വ്യോമപാതകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഔദ്യോഗിക ട്വിറ്ററിലൂടെ വെള്ളിയാഴ്ചയാണ് വ്യോമസേന നിയന്ത്രണം പിന്‍വലിക്കുന്നതായി അറിയിച്ചത്.

പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ചാവേറാക്രമണത്തെ തുടര്‍ന്ന് ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരത്താവളത്തിന് നേരെ ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ത്യയും പാകിസ്താനും വ്യോമാതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ വായുസേനയുടെ പുതിയ തീരുമാനം പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍ അയവുവരുത്തുമെന്നാണ് സൂചന. യാത്രക്കാര്‍ നേരിടുന്ന ദുരിതം കണക്കിലെടുത്താണ് നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് അധികാരികള്‍ പറഞ്ഞു.