2021ല്‍ ചന്ദ്രനിലേക്ക് ലൂണാര്‍ മിഷന് ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കുമെന്ന് നാസ

1970ന് ശേഷം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഉപകരണങ്ങള്‍ അയക്കുവാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. 2020നും 2021നും ഇടയില്‍ ചന്ദ്രനില്‍ ഉപകരണങ്ങള്‍ എത്തിക്കാനാണ് പദ്ധതി. 2024ല്‍ നടത്താനിരിക്കുന്ന ലുണാര്‍ മിഷന് മുന്നോടിയായുള്ള പദ്ധതിക്ക് ആര്‍ട്ടിമിസ് പ്രോഗ്രാം എന്നാണ് പേരിട്ടിരിക്കുന്നത്. പദ്ധതിയോടനുബന്ധിച്ച് അമേരിക്കന്‍ അസ്‌ട്രോബോട്ടിക് യന്ത്രങ്ങളും ശാസ്ത്ര സാമഗ്രികളും ചന്ദ്രനിലേക്ക് അയക്കും.

2024ല്‍ മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപ്. വ്യത്യസ്ത അളവിലും രൂപത്തിലുമുള്ള ലൂണാര്‍ ലാന്‍ഡറുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. 77-99 മില്യണ്‍ ഡോളറാണ് ലാന്‍ഡറുകള്‍ വികസിപ്പിക്കാന്‍ നാസ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. 23 ചെറിയ പേലോഡുകളിലായി ഈ ലാന്‍ഡറുകള്‍ ചന്ദ്രനില്‍ എത്തിക്കും. ബഹിരാകാശയാത്രികര്‍ എവിടെ ഇറങ്ങണം, എങ്ങനെ സഞ്ചരിക്കണം, വികിരണങ്ങളില്‍ നിന്ന് എങ്ങനെ സ്വയം സംരക്ഷണം നേടണം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍ക്കുന്ന വസ്തുക്കളും ലാന്‍ഡറുകളില്‍ വഹിക്കുന്ന ഉപകരണങ്ങളില്‍ ഉണ്ടാവും. ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണപ്പെടുന്ന ചന്ദ്രന്റെ കറുത്ത ഭാഗമായ ഓഷ്യാനസ് പ്രോസല്ലാറത്തില്‍ 2021ല്‍ ഈ ഉപകരണങ്ങള്‍ ഇറക്കാനാണ് പദ്ധതി. ചന്ദ്രന്റെ സമീപത്തുള്ള ലാകസ് മോര്‍ട്ടിസ് ഗര്‍ത്തത്തില്‍ ആസ്‌ട്രോബോട്ടിക്കിനെയും 2021 ൽ ഇറക്കും