രമേശ് പിഷാരടിയുടെ സംവിധാനത്തില്‍ മമ്മൂട്ടി ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ‘ഗാനഗന്ധര്വന്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നായികയായ വന്ദിതയാണ് നായികയായി എത്തുന്നത്. രമേശ് പിഷാരടിയോടൊപ്പം ഹരി പി നായരാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേശ് പിഷാരടി എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍രാജ്, സൗമ്യ രമേശ് എന്നിവരാണ്. അഴകപ്പന്റെ ഛായാഗ്രണത്തില്‍ വരുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ലിജോ പോള്‍ ആണ്. ദീപക് ദേവാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനഗന്ധര്വ്വന് ആന്റോ ജോസഫ് ഫിലിം കമ്പനി തീയ്യറ്ററുകളിലെത്തിക്കും.
മമ്മൂട്ടിയോടൊപ്പം മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, മണിയന് പിള്ള രാജു, കുഞ്ചന്‍, അശോകന് , സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഗാനഗന്ധര്‍വ്വന്റെ ഒഫീഷ്യല്‍ ടൈട്ടില്‍ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.