ഇനിയും പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുതിയ അദ്ധ്യക്ഷനെ എത്രയും പെട്ടെന്ന് തീരുമാനിക്കണമെന്നും രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച വ്യക്തമാക്കി. ‘ഇനിയും കാലതാമസമില്ലാതെ പുതിയ അദ്ധ്യക്ഷനെ പാര്‍ട്ടി തീരുമാനിക്കണം. ഈ പ്രക്രിയയില്‍ ഞാനുണ്ടാവില്ല. ഞാന്‍ രാജിക്കത്ത് നേരത്തേ നല്‍കിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇനിയും അദ്ധ്യക്ഷനായി ഞാന്‍ തുടരില്ല. പ്രവര്‍ത്തക സമിതി എത്രയും പെട്ടെന്ന് ചേര്‍ന്ന് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കണം,’ രാഹുല്‍ ഗാന്ധി എഎന്‍ഐയോട് പറഞ്ഞു.
പാര്‍ട്ടിയിലെ യുവ നേതാക്കളുടെ രാജി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന, ആയിരക്കണക്കിന് വരുന്ന അണികളുടെ വികാരം ഇതിനൊന്നിനും രാഹുല്‍ ഗാന്ധിയുടെ മനം മാറ്റാന്‍ സാധിച്ചിട്ടില്ല. അധ്യക്ഷ സ്ഥാനത്തുനിന്ന് രാജി വയ്ക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് അഭ്യര്‍ഥിക്കാനാണ് മുഖ്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയത്. എന്നാല്‍, രാജിയുമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. മികച്ച പിന്‍ഗാമിയെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍
കഴിഞ്ഞ ദിവസം രാഹുലിനെ കണ്ടത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ ഇന്നാണ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്. രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്തു തുടരണമെന്നും അതാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രിമാര്‍ രാഹുലിനെ അറിയിച്ചു.
“രാഹുലുമായുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. രാജ്യമൊട്ടാകെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹം രാഹുലിനെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് രാഹുലിനോട് ഞങ്ങള്‍ അഭ്യര്‍ഥിച്ചു. ഞങ്ങളുടെ ആവശ്യങ്ങളോട് രാഹുല്‍ വളരെ പോസിറ്റീവ് ആയി പ്രതികരിക്കുമെന്നാണ് വിശ്വസം. രാഹുല്‍ അധ്യക്ഷ സ്ഥാനത്തു തുടരുമെന്നും വിശ്വസിക്കുന്നു” കൂടിക്കാഴ്ചയ്ക്ക് ശേഷം രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.