രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന് ധനമന്ത്രാലയത്തില്‍ എത്തി. സഹമന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പമാണ് നിര്‍മലാ സീതാരാമന് എത്തിയത്. ഇടക്കാല ബജറ്റുകളുള്‍പ്പടെ രാജ്യത്തിന്റെ 89-ാമത് ബജറ്റാണ് നിര്‍മലാ സീതാരാമന് അവതരിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടര്‍ച്ചയാകും ഇന്നത്തെ കേന്ദ്ര ബജറ്റെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാവിലെ 11 നാണ് നിര്‍മ്മല സീതാരാമന്റെ കന്നി ബജറ്റ് അവതരണം.
രാജ്യത്തിന്റെ സാമ്പത്തിക ചിത്രം വ്യക്തമാക്കി സാമ്പത്തിക സര്‍വേ വ്യാഴാഴ്ച പാര്‍ലമെന്റില്‍ ധനമന്ത്രി അവതരിപ്പിച്ചിരുന്നു. ആരോഗ്യം, കൃഷി, വ്യവസായം, പ്രതിരോധം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം തുടങ്ങിയ മേഖലകള്‍ക്കു ബജറ്റില്‍ മുന്‍ഗണന ലഭിക്കുമെന്നാണു റിപ്പോര്‍ട്ട്. ഇതിനുള്ള പണം കണ്ടെത്തുകയെന്നതാണു ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയാണു സര്‍ക്കാരിനു മുന്നിലുള്ള എളുപ്പമാര്‍ഗം.
ഇന്ദിരാഗാന്ധിക്കുശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയാണു നിര്‍മല സീതാരാമന്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ധനവകുപ്പിന്റെയും ചുമതലയുണ്ടായിരുന്നു.