കൃഷിക്കും അനുബന്ധ മേഖലകൾക്കും ഊന്നൽ നൽകി മൂന്നാം ഘട്ട സാമ്പത്തിക പാക്കേജ്

Finance Minister Nirmala Sitharaman announce third tranche of Centre's economic package

കൊവിഡ് പ്രതിസന്ധി ഏറ്റവും മോശമായി ബാധിക്കുന്ന ഇന്ത്യൻ കാർഷിക മേഖലക്ക്  ഊന്നൽ നൽകിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിൻ്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിൻ്റെ മൂന്നാം ഘട്ടത്തിൽ 11 പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. ഇവയിൽ എട്ടെണ്ണം അടിസ്ഥാന സൗകര്യവികസനത്തിനായുള്ളതാണ്. മൂന്ന് പ്രഖ്യാപനങ്ങൾ ഭരണരംഗത്തെ കാര്യക്ഷമതയ്ക്ക് ഊന്നൽ നൽകുന്നതാണെന്നും ധനമന്ത്രി പറഞ്ഞു. രണ്ട് മാസം കൊണ്ട് 74,300 കോടി രൂപയുടെ കാർഷിക ഉത്പന്നങ്ങൾ കേന്ദ്രം സംഭരിച്ചു. 560 ലക്ഷം ലീറ്റർ പാൽ അധികം സംഭരിച്ചു. ഡയറി സംരംഭങ്ങൾക്ക് 2 ശതമാനം പലിശ ഇളവ് നൽകി. 18,700 കോടി രൂപ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പിഎം കിസാൻ സമ്മാൻ പദ്ധതി വഴി കർഷകരിലേക്ക് എത്തിച്ചു. 

കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി അനുവദിക്കും. കാർഷിക, ഭക്ഷ്യ മേഖലയിൽ രാജ്യാന്തര നിലവാരത്തിലുള്ള ബ്രാൻഡുകൾ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. കർഷകർക്ക് ഉൽപന്നങ്ങൾക്കു മികച്ച വില ലഭ്യമാക്കുന്നതിന് നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കും. കൃഷി ഇറക്കുന്നതിന് മുമ്പ് തന്നെ ഉൽപന്നങ്ങൾക്ക് എന്തുവില കിട്ടുമെന്ന വിവരം ലഭ്യമാക്കുന്ന ചട്ടക്കൂടാണ് തയാറാക്കുന്നത്. ഇടനിലക്കാരിൽ നിന്നും മറ്റും കർഷകർ നേരിടുന്ന ചൂഷണം നേരിടുകയാണ് ചട്ടക്കൂട് കൊണ്ടു ലക്ഷ്യമിടുന്നത്. 1955 ലെ അവശ്യസാധന നിയമത്തിൽ ഭേദഗതി വരുത്തും. ഭക്ഷ്യ എണ്ണ, ഭക്ഷ്യധാന്യങ്ങൾ, പയർ, ഉള്ളി, ഉരളക്കിഴങ്ങ് എന്നിവയെ അവശ്യ വസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. കാർഷികോൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് കേന്ദ്രനിയമം കൊണ്ടുവരും. കൃഷിക്കാർക്ക് ഇഷ്ടമുള്ള സ്ഥലത്ത് വിൽക്കാൻ ഇതിലൂടെ സാധിക്കും. കർഷകർക്ക് ഇ–ട്രേഡിങ് നടത്താം.

ആഗോള തലത്തിൽ പ്രവർത്തിക്കാൻ തയാറെടുക്കുന്ന സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും 1 ലക്ഷം കോടി രൂപ  വകയിരുത്തിയിട്ടുണ്ട്. ഭക്ഷ്യ സംസ്കരണ മേഖലയിൽ 10,000 കോടി രൂപയുടെ സഹായം ലഭ്യമാക്കും. ഭക്ഷ്യ സംസ്കരണം നടത്തുന്ന മൈക്രോ യൂണിറ്റുകൾക്ക് ധനസഹായം ലഭിക്കും. ഓരോ സംസ്ഥാനങ്ങളിലും അതാതു സ്ഥലത്തെ പ്രധാന ഉൽപന്നങ്ങളെ ഉൾപ്പെടുത്തി ക്ലസ്റ്റർ രൂപീകരിക്കണം. ഇതിൽ വനിതാ ക്ലസ്റ്ററുകൾക്ക് ഊന്നൽ നൽകും. 

മൃഗസംരക്ഷണത്തിന് 13,343 കോടി രൂപ. രോഗ നിയന്ത്രണ പരിപാടികൾക്കാണ് ഈ തുക പ്രധാനമായും വകയിരുത്തുന്നത്.∙ക്ഷീരോൽ‌പാദന മേഖലയിലെ അടിസ്ഥാന വികസനത്തിന് 15,000 കോടി നൽകും. ക്ഷീര സഹകരണ സംഘങ്ങൾക്ക് 5000 കോടി അനുവദിക്കും. കന്നുകാലികൾക്കു പ്രതിരോധ കുത്തിവയ്പ് നൽകും. 100 വാക്സിനേഷൻ നടപ്പാക്കുകയാണു ലക്ഷ്യം.

പ്രധാൻമന്ത്രി മത്സ്യബന്ധന യോജന പദ്ധതിയിൽ 20,000 കോടി രൂപ അനുവദിച്ചു. മത്സ്യകൃഷിക്ക് സഹായം, അടിസ്ഥാന സൗകര്യവികസനം, നൈപുണ്യ വികസനം എന്നിവയ്ക്ക് 11,000 കോടി രൂപ. ഇതിലൂടെ 55 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കും.∙ ഇതുവഴി മത്സ്യോൽപാദനം 70 ലക്ഷം ടൺ‌ ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.∙ മത്സ്യമേഖലയിൽ 1 ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണ് ലക്ഷ്യം. 

ഔഷധസസ്യ കൃഷിക്ക് 4000 കോടി അനുവദിക്കും. 2 വർഷത്തിനകം 10 ലക്ഷം ഹെക്ടർ ഭൂമിയിൽ ഔഷധസസ്യ കൃഷി വ്യാപിപ്പിക്കും. ഗംഗ നദിയുടെ തീരങ്ങളിൽ കൃഷി നടത്തും. ഗംഗ നദിയുടെ തീരങ്ങളിലായി 800 ഹെക്ടർ പ്രദേശം ഔഷധസസ്യ ഇടനാഴിയായി ദേശീയ ഔഷധ സസ്യ ബോർഡ് വികസിപ്പിക്കും. തേനീച്ച വളർത്തലിന് 500 കോടി നൽകും. 2 ലക്ഷം കർഷകർക്കു ഇത് പ്രയോജനമാവും. 

content highlights: Finance Minister Nirmala Sitharaman announce the third tranche of Centre’s economic package

LEAVE A REPLY

Please enter your comment!
Please enter your name here