രാജ്യദ്രോഹ കുറ്റം: എംഡിഎംകെ നേതാവ് വൈക്കോയ്ക്ക് ഒരു വര്‍ഷം തടവുശിക്ഷ

രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോയ്ക്ക് ഒരു വര്‍ഷം തടവ്. ചെന്നൈയിലെ പ്രത്യേക കോടതിയാണ് മുതിര്‍ന്ന നേതാവിന് തടവ് വിധിച്ചത്. 124 എ (രാജ്യദ്രോഹം) പ്രകാരം 10,000 രൂപ പിഴയും അദ്ദേഹം അടക്കണം. 2009ലാണ് അദ്ദേഹത്തിനെതിരെ തമിഴ്നാട് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.

2008ലാണ് കേസിന് ആസ്പദമായ വിവാദ പ്രസംഗം നടക്കുന്നത്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കയില്‍ നടക്കുന്നത് എന്തെന്ന് ക്ഷണിക്കപ്പെട്ട സദസില്‍ സംസാരിക്കവെ തീവ്രവാദ സംഘടനയായ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തെ പിന്തുണക്കുകയും ഇന്ത്യന്‍ പരമാധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്തതായി കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

എല്‍ടിടിഇക്കെതിരായ യുദ്ധത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പിന്തുണ ശ്രീലങ്കന്‍ സൈന്യത്തിന് ലഭിക്കുന്നെന്നായിരുന്നു വൈക്കോയുടെ ആരോപണം. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പ്രസംഗം എന്ന് ആരോപിച്ച് തമിഴ്നാട് പൊലീസിലെ തീവ്രവാദവിരുദ്ധ വിഭാഗമായ ക്യൂ ബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിധി കേള്‍ക്കാന്‍ വൈക്കോയും കൂട്ടരും കോടതിയില്‍ എത്തിയിരുന്നു. തമിഴര്‍ക്കെതിരെ ശ്രീലങ്കയില്‍ നടക്കുന്ന യുദ്ധത്തില്‍ അന്നത്തെ ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയെയാണ് താന്‍ എതിര്‍ത്തതെന്നും തമിഴര്‍ക്ക് ഒരു നാള്‍ നീതി കൈവരുമെന്നും വൈക്കോ പ്രതികരിച്ചു.