ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറി ചൈനീസ് പട്ടാളം

ന്യൂഡല്‍ഹി: ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മണ്ണില്‍ കടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കാശ്മീരിലെ ലേ ജില്ലയില്‍ ഡംചോക് മേഖലയിലാണ് അതിര്‍ത്തിലംഘനം നടന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആറു കിലോമീറ്ററോളം കടന്ന് കയറി ചൈനീസ് പതാക പ്രദര്‍ശിപ്പിച്ചതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഡംചോക്, കോയുള്‍, ഡുങ്തി മേഖലയിലാണ് ചൈനീസ് പട്ടാളം അതിര്‍ത്തി കടന്നതെന്നും ഇന്ത്യന്‍ മണ്ണില്‍ അവരുടെ പതാകയേന്തി നില്‍ക്കുന്ന വീഡിയോ ഒരു പെണ്‍കുട്ടിയാണ് നല്‍കിയതെന്നും ലേ ഹില്‍ കൗണ്‍സില്‍ മുന്‍ ചേയര്‍മാന്‍ റിഗ്‌സിന്‍ സ്പല്‍ബര്‍ വെളിപ്പെടുത്തി.

ദലൈ ലാമയുടെ പിറന്നാള്‍ ദിനമായ ജൂലൈ ആറിന് ബുദ്ധമതസ്ഥരുടെ പതാകയും ദേശീയ പതാകയുമേന്തി ജനങ്ങള്‍ അതിര്‍ത്തിയില്‍ ഒത്തുചേര്‍ന്നിരുന്നു. ഇതാണ് ചൈനീസ് പട്ടാളത്തെ പ്രകോപിച്ചത് എന്നാണ് കരുതുന്നത്. കുറച്ച് കാലങ്ങളായി ചൈനീസ് പട്ടാളം അതിര്‍ത്തി കടക്കുന്നത് പതിവാണ്. 2014 ല്‍ ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിക്കുന്നതിനെതിരെ പ്രദേശവാസികള്‍ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ചൈന ഡോക്ലാമില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.