വിദ്യാർത്ഥിയെ കുത്തിയ സംഭവം; രണ്ടു ദിവസമായിട്ടും പ്രധാന പ്രതികളെ പിടിക്കാതെ പോലീസ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയ സംഭവത്തില്‍ രണ്ടുദിവസമായിട്ടും പ്രതികളെ പിടിക്കാതെ പോലീസ് അനാസ്ഥ. പോലീസിനു പ്രതികളുടെ പേരുകള്‍ നല്‍കിയിട്ടും അതുമായി ബന്ധപ്പെട്ട അന്വേഷണം കൃത്യമായി നടത്തുന്നില്ലെന്ന പരാതി ശക്തമാണ്.

പ്രധാന പ്രതികളില്‍ ഒരാള്‍ ഇന്നലെ സെക്രട്ടേറിയേറ്റിനു മുന്നിലൂടെ ബൈക്കില്‍ പോവുന്നതു കണ്ടെന്ന് വിദ്യാർത്ഥികൾ പോലീസിനെ വിളിച്ച് അറിയിച്ചിട്ടും നിരീക്ഷണക്യാമറ പോലും പോലീസ് പരിശോധിച്ചിട്ടില്ല.

കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി എഎന്‍ നസീം എന്നിവരടക്കം ഏഴു പേരാണ് പ്രധാന പ്രതിപ്പട്ടികയില്‍ ഉള്ളത്. എന്നാല്‍ ഇവരുള്‍പ്പടെ 30 പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തെങ്കിലും കേസാന്വേഷണം നടത്തിയിട്ടില്ല. ഇവരുടെ വീടുകളിലോ പാര്‍ട്ടി ഓഫീസിലോ സ്റ്റുഡന്‍ന്റ് സെന്റര്‍, യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ എന്നിവിടങ്ങളിലൊന്നും പോലീസ് പോയിട്ടില്ല. എന്നാല്‍ പ്രതിപ്പട്ടികയില്‍ പത്താമതുള്ള ഇജാബിനെ അറസ്റ്റു രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

കോളേജ് പ്രിന്‍സിപ്പാള്‍ പോലീസിനെ വിളിക്കാതെ ഒത്തുകളിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഉറപ്പോടെ പ്രതികള്‍ പോലീസിനു മുമ്പാകെ കീഴടങ്ങുമ്പോള്‍ അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനത്തിലാണ് പോലീസ്.

ഇതിനിടയില്‍ കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചു വിട്ടു. പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടന്നും സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു.