ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അടച്ചിട്ടിരുന്ന വ്യോമപാത പാക്കിസ്ഥാന് തുറന്നു. ഇന്നലെ അര്‍ദ്ധരാത്രിയോട് കൂടിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വന്നത്. എല്ലാ സൈനികേതര വിമാനങ്ങള്‍ക്കും യാത്ര അനുമതി നല്‍കികൊണ്ട് വ്യോമപാത തുറക്കുന്നു എന്നാണ് അറിയിപ്പ്. ബാലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാന് വ്യോമപാത അടച്ചത്.
വ്യോമപാത തുറക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ക്ക് വലിയ ആശ്യാസമാണ് നല്‍കുക. പാക്കിസ്ഥാന് വ്യോമാര്‍ത്തി അടച്ചതോടെ ജൂലൈ രണ്ട് വരെ എയര്‍ ഇന്ത്യക്ക് 491 കോടി രൂപ നഷ്ടമാണുണ്ടായത്. ഇന്‍ഡിഗോക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും ജെറ്റിന് 30.73 കോടിയും നഷ്ടമുണ്ടായി. സ്വന്തം വ്യോമാര്‍ത്തി അടച്ച പാക്കിസ്ഥാന് ഉണ്ടായത് 688 കോടി നഷ്ടമാണ്.
ഫെബ്രുവരി 14 ന് പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടാണ് ബാലാക്കോട്ട് വ്യോമാക്രമണം ഇന്ത്യ നടത്തിയത്. ഇതിനെ തുടര്‍ന്നാണ് ഫെബ്രുവരി 26ന് പാക്കിസ്ഥാന് അവരുടെ വ്യോമപാത അടച്ചത്. പാക്കിസ്ഥാനിലെ 11 വ്യോമപാതകളില്‍ രണ്ടെണ്ണം മാത്രമായുരുന്നു ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്ന് നല്‍കിയത്.