കുമളി: അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്ന് അഞ്ചുവയസുകാരനെ കഴുത്തറുത്തു കൊന്നു. തേനി ജില്ലയിലെ കൊബൈയിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ ഗീത, രണ്ടാനച്ഛന്‍ ഉദയകുമാര്‍, ഗീതയുടെ സഹോദരി ഭുവനേശ്വരി, അവരുടെ ഭര്‍ത്താവ് കാര്‍ത്തിക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗീതയുടെ ആദ്യ വിവാഹത്തിലുള്ള ആണ്‍ക്കുട്ടിയെയാണ് കൊലപ്പെടുത്തിയത്. ചുടുകാട്ടില്‍ കൊണ്ടുവന്ന കുട്ടിയെ തലക്കടിച്ച് ബോധം കെടുത്തി മരണം ഉറപ്പാക്കാന്‍ കഴുത്തറുക്കുകയായിരുന്നു. കോബൈ മൃഗാശുപത്രിക്ക് സമീപത്തെ ചുടുകാട്ടില്‍ കൊണ്ടുവന്ന് കൊലപ്പെടുത്തിയതിന് ശേഷം കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പോലിസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ കാര്‍ത്തിക് കുട്ടിയെ ചുടുകാട്ടിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. തുടര്‍ന്നാണ് ഇവരെ കസ്റ്റടിയില്‍ എടുക്കുന്നത്.
ആദ്യ വിവാഹത്തില്‍ ഉണ്ടായ ആണ്‍ക്കുട്ടി ഗീതയുടെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് നിന്നിരുന്നത്. ഗീതയെ കാണാന്‍ കുട്ടി ഇടക്കിടെ വരുന്നത് രണ്ടാം ഭര്‍ത്താവ് ഉദയകുമാറിന് ഇഷ്ടമല്ലായിരുന്നു. ഇതിന്റെ പേരില്‍ നിരന്തരം വഴക്ക് ഉണ്ടാകുമായിരുന്നു. ഇതേസമയം ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭര്‍ത്താവ് കാര്‍ത്തിക്കും ഇവരുടെ വീട്ടിലെ പതിവുസന്ദര്‍ശകരായിരുന്നു. വീട്ടിലെ വഴക്കിനിടെ ഗീതയും കാര്‍ത്തിക്കും തമ്മിലും ഭുവനേശ്വരിയും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. ഇതോടെ ആദ്യബന്ധത്തിലെ കുട്ടി തങ്ങളുടെ അവിഹിതബന്ധത്തിനു തടസ്സമാകുമെന്നു കണ്ടാണ് ഇവര്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.