ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അന്തിമഘട്ടത്തില്‍. കമ്പനിയില്‍ സ്ഥാനകയറ്റം നല്‍കുന്നതും പുതിയ നിയമനങ്ങള്‍ നടത്തുന്നതും നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നിര്‍ദ്ദേശം നല്കി. സ്വകാര്യവത്കരണ നടപടികള്‍ നടക്കുന്നതിനാല്‍ പുതുതായി ഒരു തീരുമാനവും എടുക്കരുതെന്ന് എയര്‍ ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
58,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടം. 2019 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 7600 കോടി രൂപയാണ്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒരു കമ്പനികളും വാങ്ങാന്‍ മുന്നോട്ട് വന്നില്ല. നഷ്ടത്തില്‍ നിന്നും എയര്‍ ഇന്ത്യയെ കരകയറ്റാന്‍ സ്വകാര്യവത്കരണം അല്ലാതെ മറ്റ് വഴിയില്ലെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.