മൂന്നാം ചാന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂര്‍ത്തിയാക്കി ചാന്ദ്രയാന്‍ 2

ഇന്ന് രാവിലെ 9.04ന് ഭ്രമണപഥം 1190 സെക്കന്റുകള്‍ കൊണ്ടാണ് പൂര്‍ത്തിയായത്
മൂന്നാം ചാന്ദ്ര ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കി ചാന്ദ്രയാന്‍ 2

ബെംഗളുരു: ചാന്ദ്രയാന്‍-2 മൂന്നാം ചാന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും പേടകം തൃപ്തികരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ന് രാവിലെ 9.04ന് ഭ്രമണപഥം 1190 സെക്കന്റുകള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. ഇപ്പോള്‍ പേടകം ചന്ദ്രനില്‍ നിന്ന് കുറഞ്ഞ ദൂരം 179 കിലോമീറ്ററും കൂടിയ ദൂരം 1412 കിലോമീറ്ററുമായ ഭ്രമണ പഥത്തിലേക്ക് എത്തി.

അടുത്ത ഭ്രമണപഥം മാറുന്നത് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്കാണ്. അതോടെ 11 ദിവസങ്ങള്‍ക്കു ശേഷം പേടകം ചന്ദ്രനിലേക്കിറങ്ങും. പിന്നീട് സെപ്തംബര്‍ രണ്ടിന് ഓര്‍ബിറ്റില്‍ നിന്ന് വിക്രം എന്ന ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് സെപ്തംബര്‍ ഏഴിന് ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ഐഎസ്ആര്‍ഒയുടെ നീക്കം.

ജൂലൈ രണ്ടിനായിരുന്നു ചാന്ദ്രയാന്‍ 2 പേടകത്തിന്റെ വിക്ഷേപണം ഇന്ത്യ പൂര്‍ത്തിയാക്കിയത്. ചാന്ദ്രയാന്‍ 2 വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.