ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തേക്കും

മുഖ്യമന്ത്രിയോ മന്ത്രിസഭയോ ആണ് ജേക്കബ് തോമസിന്റെ കേസില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്
ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തേക്കും

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തേക്കും. ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പിലാക്കേണ്ടി വരുമെന്നു പറയുന്ന ഫയല്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറിയുടെ പരിഗണയിലുള്ള ഫയലില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കും.

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബൂണല്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്ത് തിരിച്ചെടുക്കാന്‍ ഉത്തരവിട്ടെങ്കിലും ഇതുവരെയും നടപടികള്‍ ഉണ്ടായിട്ടില്ല. തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ച് കോടതിയലക്ഷ്യം ചൂണ്ടിക്കാണിക്കുകയായിരുന്നു. പിന്നീട് ഇതിന്മേല്‍ വാക്കാല്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി ഫയല്‍ കൈമാറിയത്.

മുഖ്യമന്ത്രിയോ മന്ത്രിസഭയോ ആണ് ജേക്കബ് തോമസിന്റെ കേസില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം അപ്പീല്‍ പോകുന്ന വിഷയത്തിലും അന്തിമ തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തിലും തീരുമാനം മുഖ്യമന്ത്രിയുടേതാണ്. ജേക്കബ് തോമസിനെതിരെ അഴിമതി കേസ് നിലനില്‍ക്കുന്നതും ആങ്യന്തര സെക്രട്ടറി കൈമാറിയ ഫയലില്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ രണ്ട് വര്‍ഷത്തോളമായി സര്‍വ്വീസിനു പുറത്തായിരുന്ന ജേക്കബ് തോമസിനെ തിരിച്ചെടുക്കുന്നതിനെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടാവും. വിആര്‍എസിന് അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ജേക്കബ് തോമസിനെ തിരിച്ചെടുക്കുകയാണെങ്കിലും എന്ത് പദവിയായിരിക്കും നല്‍കുകയെന്നത് നിര്‍ണായകമാണ്. അപ്രധാനമായ തസ്തിക നല്‍കാനാവും സാധ്യത കൂടുതല്‍.