ഇസ്ലാമിക് വിവാഹ നിയമ പ്രകാരം മുസ്ലീം വിവാഹ സര്‍ട്ടിഫിക്കേറ്റില്‍ വധു കന്യക എന്ന് എഴുതുന്ന രീതി ബംഗ്ലാദേശ് ഹൈക്കോടതി നിരോധിച്ചു. പകരം ‘അവിവാഹിത’ എന്ന് എഴുതണം. തികച്ചും വിവേചനപരവും അപമാനം ഉളവാക്കുന്നതുമായ വാക്കാണ് ‘കന്യക’ എന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീയുടെ ആത്മാഭിമാനത്തേയും ധാര്‍മ്മികതയേയും ചോദ്യം ചെയ്യുന്നതാണ് കന്യകാത്വത്തെ സംബന്ധിച്ച വെളിപ്പെടുത്തലെന്നാണ് കോടതിയുടെ നിരീക്ഷണം.
മൂസ്ലീം വിവാഹ നിയമ പ്രകാരം വിവാഹം കഴിക്കാന്‍ പോകുന്ന വധു കന്യകയാണോ വിധവയാണോ എന്ന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം. എന്നാല്‍ കന്യക എന്ന പദം എടുത്ത് മാറ്റി അവിവാഹിത എന്ന് എഴുതി ചേര്‍ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. 1961 ലാണ് കന്യക എന്ന പദം വിവാഹ സര്‍ട്ടിഫിക്കേറ്റില്‍ ചേര്‍ത്തത്. കന്യകാത്വത്തെ സംബന്ധിച്ച വെളിപ്പെടുത്തല്‍ സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി വര്‍ഷങ്ങളായുള്ള പ്രതിഷേധത്തിനൊടുവിലാണ് കോടതിയുടെ ഈ തീരുമാനം.