നവജാത ശിശു അച്ഛനെ നോക്കി ചിരിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. 25 കാരനായ പിതാവ് ഫ്ലാവിയോ ദന്താസിനെ നോക്കിയാണ് ചെറിയ അൻ്റൊനെല്ല പുഞ്ചിരിച്ചത്. അവളുടെ പിതാവിന്റെ ശബ്ദം തിരിച്ചറിഞ്ഞതിനാലാണ് മനോഹരമായ നിമിഷം സംഭവിച്ചതെന്നാണ് ഫ്ലാവിയോയും ഭാര്യ തർസില ബാറ്റിസ്റ്റയും വിശ്വസിക്കുന്നത്.
“അൻ്റൊനെല്ലയെ ഉറങ്ങാൻ കിടത്തിയതായിരുന്നു. അപ്പോഴാണ് ഫ്ലാവിയോ അവളോട് സംസാരിക്കുന്നത്. ശബ്ദം കേട്ടയുടനെ അവൾ കണ്ണ് തുറന്ന് പുഞ്ചരിച്ചു”, തർസില ബാറ്റിസ്റ്റ ഇങ്ങനെ പറയുന്നു. ഗർഭാവസ്ഥയിലുടനീളം ഫ്ളാവിയോ കുഞ്ഞിനോട് സംസാരിക്കുകയും കളിക്കുകയും ചെയ്യുമായിരുന്നു. താൻ അവളെ വളരെയധികം സ്നേഹിക്കുന്നു എന്നും പതിവായി പറയുമായിരുന്നു. ബ്രസീലിയൻ നാവിക സൈനികനാണ് ഫ്ലാവിയോ. ആഗസ്റ്റ് 11 ഫാദേഴ്സ് ഡേയിലാണ് അൻറൊനെല്ല ജനിക്കുന്നത്.