ദളിതര്‍ എന്നാല്‍ എന്ത്; വിവാദ ചോദ്യപേപ്പറിനെ രൂക്ഷമായി വിമര്‍ശിച്ച് സ്റ്റാലിന്‍

വിദേശികള്‍, തൊട്ടുകൂട്ടത്തവര്‍, മധ്യവര്‍ഗം, വരേണ്യവര്‍ഗം എന്നിങ്ങനെ
ദളിതര്‍ എന്നാല്‍ എന്ത്; വിവാദ ചോദ്യപേപ്പറിനെ രൂക്ഷമായി വിമര്‍ശിച്ച് സ്റ്റാലിന്‍

 

ചോദ്യപേപ്പറിലെ ജാതി വിവേചനത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡിഎംകെ പ്രസിഡന്റും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍. സിബിഎസ്ഇ ആറാം ക്ലാസ് പരീക്ഷയിലെ ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണു സ്റ്റാലിന്റെ വിമര്‍ശനം. സിബിഎസ്ഇ ആറാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ‘ദളിത്’ എന്നതുകൊണ്ടു വിവക്ഷിക്കുന്നത് എന്ത് എന്ന ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത് .

വിദേശികള്‍, തൊട്ടുകൂട്ടത്തവര്‍, മധ്യവര്‍ഗം, വരേണ്യവര്‍ഗം എന്നിങ്ങനെ ഇതിന് ഉത്തരങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നത്. തൊട്ടടുത്ത ചോദ്യവും വിവാദപരമാണ്. മുസ്ലിംകളെ കുറിച്ചുള്ള പൊതുധാരണ എന്ത് എന്നതായിരുന്നു ചോദ്യം. മുസ്ലിംകള്‍ അവരുടെ പെണ്‍കുട്ടികളെ സ്‌കൂളില്‍ വിടില്ല, അവര്‍ സസ്യഭക്ഷണം കഴിക്കുന്നവരാണ്, റോസ നാളില്‍ അവര്‍ ഉറങ്ങില്ല, ഇവയെല്ലാം എന്നിങ്ങനെയാണു ചോദ്യത്തിനു തെരഞ്ഞെടുക്കല്‍ ഓപ്ഷനുകള്‍ നല്‍കിയത്.

ചോദ്യപേപ്പര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായതോടെയാണ് സ്റ്റാലിന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ചോദ്യപേപ്പറിലെ ജാതി വിവേചനവും സാമുദായിക ധ്രുവീകരണവും തന്നെ ഞെട്ടിച്ചെന്നും ചോദ്യപേപ്പര്‍ തയാറാക്കിയവരെ വിചാരണ ചെയ്യണമെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.