സമുദ്ര ശില എന്ന നോവലിനെ ആസ്പദമാക്കി ഏഷ്യാനെറ്റ് നടത്തിയ ‘പെൺകാമനയുടെ സമുദ്രശില’ എന്ന പരിപാടിയിൽ ഓട്ടിസം ബാധിച്ച കുട്ടിളുടെ മാതാപിതാക്കൾക്കെതിരെ സുഭാഷ് ചന്ദ്രൻ നടത്തിയ അധിക്ഷേപത്തിനെതിരെ ചാനലിലേക്ക് തുറന്ന കത്ത്. തിരുവനന്തപുരം ഓട്ടിസം ക്ലബ്ബ് സെക്രട്ടറി ശിവദാസ് എ.കെ ആണ് കത്ത് അയച്ചത്. സ്വർവ്വ സ്വാതന്ത്രത്തോടെയല്ലാതെ രതിയിലേർപ്പെടുന്ന സ്തീകൾക്കാണ് ഓട്ടിസ്റ്റിക്കായ കുട്ടികൾ ഉണ്ടാവുന്നതെന്ന സുഭാഷ് ചന്ദ്രൻ്റെ പരാമർശമാണ് വിവാദത്തിനിടയാക്കിയത്.
“ഏഷ്യാനെറ്റ് ചാനലിന് ഒരു തുറന്ന കത്ത്”
ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത “പെൺകാമനയുടെ സമുദ്രശില” എന്ന പരിപാടിയിൽ ഓട്ടിസം ഉള്ളവരെക്കുറിച്ചു വികലമായതും സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ ചില വാചകങ്ങൾ സമുദ്രശില എന്ന നോവലിന്റെ രചയിതാവ് പറയുകയുണ്ടായി. “സ്ത്രീ അവളുടെ പൂർണ്ണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും പ്രിയ പുരുഷനുമൊത്ത് രതിയിലേർപ്പെട്ടാൽ ഒരിക്കലും ഓട്ടിസ്റ്റിക്കായ ഒരു കുട്ടി ഉണ്ടാവില്ല, മിടുക്കനായ കുട്ടി മാത്രമേ ഉണ്ടാകൂ. അദ്ദേഹം പറഞ്ഞ ഈ വാക്കുകൾ ഏഷ്യാനെറ്റ് ചാനലിലൂടെ ലോകം മുഴുവനുമുള്ള മലയാളികൾ കണ്ടിട്ടുണ്ടാകും. ഉത്തരവാദിത്വമുള്ള ഒരു മാധ്യമം എന്ന നിലക്ക് ഓട്ടിസത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ലാതെ പ്രക്ഷേപണം ചെയ്തത് രക്ഷിതാക്കളിൽ ദുഖകരമായ അവസ്ഥയാണ് ഉണ്ടാക്കിയത്. തികച്ചും തെറ്റായ ഈ വാക്കുകൾ പ്രക്ഷേപണം ചെയ്തതിൽ താങ്കളുടെ ചാനൽ ഖേദം പ്രകടിപ്പിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
“മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാ കൃത്തുക്കളിൽ പ്രമുഖനായ” ശ്രീ സുഭാഷ് ചന്ദ്രൻ എന്ന എഴുത്തുകാരൻ തന്റെ പുതിയ നോവലിനെക്കുറിച്ചു ഏഷ്യാനെറ്റ് ചാനലിൽ നടത്തിയ അഭിമുഖത്തിൽ ഓട്ടിസം ഉള്ള കുട്ടികൾ ജനിക്കുവാൻ കാരണമായി പറയുന്നത് തികച്ചും പ്രതിഷേധാർഹമായ കാര്യങ്ങളാണ്.
സമൂഹത്തോട് വളരെയധികം പ്രതിബദ്ധതയുള്ള സുഭാഷ് ചന്ദ്രനെപ്പോലെ ഉത്തരവാദിത്വബോധമുള്ള ആൾ ഓട്ടിസമുള്ള കുട്ടികൾ ജനിക്കുന്നതിന് സ്ത്രീകളുടെ കുറ്റമായി പ്രസ്താവിക്കുന്നത് തികച്ചും അപലപനീയമാണ്.
ഈ പ്രസ്താവന വിവരക്കേടോ അറിവില്ലായ്മയോ ആണെന്ന് പറയാൻ കഴിയില്ല. ഒപ്പം ഓട്ടിസ്റ്റിക്ക് ആയ കുട്ടികൾ എന്തോ തരത്തിലുള്ള അവമാനഹേതു ആണെന്ന ധ്വനി സമൂഹത്തിൽ അരക്കിട്ടുറപ്പിക്കുവാൻ കൂട്ടുനിൽക്കാനും സാമൂഹിക ബോധമുള്ള ആർക്കും കഴിയില്ല. അതുകൊണ്ട് ഈ അഭിമുഖം പ്രക്ഷേപണം ചെയ്ത ഏഷ്യാനെറ്റ് ചാനൽ ഒരു തിരുത്തൽ വീഡിയോ പ്രക്ഷേപണം ചെയ്യണമെന്ന് ഓട്ടിസം ക്ലബ്ബ് ആവശ്യപ്പെടുന്നു.
ഓട്ടിസമുള്ളവരിലും മിടുക്കന്മാരായവർ ഇല്ലേ? ഓട്ടിസം ഇല്ലാത്തവരിൽ കഴിവില്ലാത്തവർ ഇല്ലേ? സ്വന്തം കൃതിയിലൂടെ റേപ് ചെയ്യപ്പെടുന്ന സ്ത്രീകള്ക്കാണ് ഓട്ടസ്റ്റിക്കായ കുട്ടികള് ഉണ്ടാകുന്നത് എന്ന് വ്യംഗന്തരേണ പ്രസ്താവിക്കുന്ന ശ്രീ.സുഭാഷ് ചന്ദ്രനെതിരെ RPwD ആക്ട് 2016 സെക്ഷൻ 92 (a) പ്രകാരം നിയമനടപടികൾ എടുക്കുവാൻ ചുമതലപ്പെട്ട അധികാരികൾ ശ്രദ്ധിയ്ക്കണമെന്നും ഓട്ടിസം ക്ലബ് ആവശ്യപ്പെടുന്നു.
ഓട്ടിസം ഒരു രോഗമായി കരുതുന്നത് തന്നെ അബദ്ധമാണ് എന്നും ഈ അവസ്ഥയെ അംഗീകരിച്ചുകൊണ്ട് ഇവരിലെ കഴിവുകൾ ശക്തമാക്കുവാനുള്ള തെറാപ്പികൾ നൽകി സ്വയം പര്യാപ്തമാക്കണമെന്നുമാണ് ഓട്ടിസം ക്ലബ്ബ് രക്ഷിതാക്കൾക്ക് നൽകുന്ന ക്ലാസ്സുകളിലൂടെ ലക്ഷ്യമാക്കുന്നത്. ഓട്ടിസക്കാർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ സൃഷ്ടിപരമാകുവാൻ ഏഷ്യാനെറ്റ് ചാനലും ശ്രീ സുഭാഷ് ചന്ദ്രനും ഓട്ടിസമുള്ള കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും പ്രത്യേകിച്ച് അമ്മമാരോട് നിരുപാധികം മാപ്പു പറഞ്ഞുകൊണ്ട്, സമൂഹത്തിൽ ഉത്തരവാദിത്വ ബോധമുള്ളവരായി ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന പ്രത്യാശയോടെ,
ശിവദാസ് എ.കെ
സെക്രട്ടറി, ഓട്ടിസം ക്ലബ്ബ്,
തിരുവനന്തപുരം ”
സുഭാഷ് ചന്ദ്രൻറെ പരാമർശം ഏറെ വിവാദമായി മാറിയിരുന്നു. ഓട്ടിസ്റ്റിക്കായ കുട്ടികളുടെ അമ്മമാരെ അധിക്ഷേപിക്കുന്ന രീതിയാണ് സുഭാഷ് ചന്ദ്രൻറേതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തു വന്നത്.
Content Highlights: Kerala Autism club secretary AK Sivadas wrote an open letter to Asianet based on the controversial statement about parents of autistic children.
Read more: