പാമ്പു കടിയേറ്റാല്‍ വിഷവൈദ്യന്മാരുടെ അടുത്ത് ചെന്ന് ചികിത്സ എടുക്കുന്ന രീതി നാട്ടിന് പുറങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൂടുതലായുണ്ട്. എന്നാല്‍ കല്ലും പുല്ലും വച്ചിട്ടുള്ള വൈദ്യന്മാരുടെ വിഷചികിത്സകള്‍ പാമ്പിന്റെ വിഷത്തിന് പരിഹാരമല്ല എന്നതാണ് സത്യം. അത്തരത്തില്‍ പാമ്പു കടിയേറ്റ യുവാവിനെ വിഷവൈദ്യന്റെ ചികിത്സയ്ക്കായി എത്തിച്ച തൻറെ അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് കൊണ്ടോത്ത് ബഷീര്‍ എന്നയാൾ
വയനാട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍ നിന്ന് കണ്ട പാമ്പു കടിയേറ്റ യുവാവിനെ വിഷ വൈദ്യന്റെ ചികിത്സയ്ക്കായി എത്തിച്ച് പിന്നീട് അയാള്‍ മരണപ്പെട്ടതായുളള അനുഭവമാണ് ബഷീർ എഴുതിയിരിക്കുന്നത് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാനും എന്റെ സുഹൃത്ത് ഏലംകുളം ഹനീഫയും കൂടെ കുറച്ച് വർഷങ്ങൾക്ക് മുൻപ് അട്ടപ്പാടിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്നു. ചുരമിറങ്ങി കഴിഞ്ഞ് ആനമൂളി ചെക്പോസ്റ്റുകഴിഞ്ഞ് രണ്ട് വളവ് കഴിഞ്ഞസമയം,രാത്രി തുടങ്ങുന്നതേയുള്ളൂ ഒരു 7 മണി ആയി കാണും, എന്റെ കാറിന്റെ ഹെഡ് ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നു. ആ വെളിച്ചത്തിൽ ഞങ്ങളുടെ കാറിന് മുൻപിലേക്ക് നേരെ എതിർദിശയിൽ നിന്നു് ഒരു പാമ്പ് വളരെ വേഗത്തിൽ വളഞ്ഞ് പുളത്ത് ഇഴഞ്ഞ് വരുന്നു. തന്റെ സർവ്വ ശക്തിയുമെടുത്ത് ആവുന്നത്ര വേഗത്തിൽ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് ആ ഇഴജന്തു. കാറിന്റെ തൊട്ടടുത്തെത്തിയതും ഞങ്ങളുടെ ഇടത് വശത്തുള്ള പൊന്തക്കാടിന്റെ ഇരുട്ടിലേക്ക് പോയി മറഞ്ഞു. പക്ഷെ അതിനു മുൻപായി തന്നെ ഞാൻ ആ പൂഴിമണലി പാമ്പിനെ നന്നായി കണ്ടിരുന്നു. അപ്പോഴാണ് ഒരു പത്ത് മീറ്റർ അപ്പുറത്ത് രണ്ട് ചെറുപ്പക്കാർ കാലിനടിയിലേക്ക് നോക്കി നില്‍ക്കുന്നത് കണ്ടത്. ഞങ്ങൾ വാഹനം അവരുടെ അടുത്ത് നിറുത്തി സംശയത്തോടെ തന്നെ ചോദിച്ചു. “എന്താ പാമ്പ് കടിച്ചുവോ ” അതെ എന്നവർ മറുപടി പറഞ്ഞു. വേഗം തന്നെ ഞങ്ങളുടെ കാറിൽ കയറാൻ പറഞ്ഞു. ഒരു നിമിഷം പോലും പാഴാക്കാതെ ആ ചെറുപ്പക്കാരനെ ആസ്പത്രിയിലെത്തിച്ച് അവന്റെ ജീവൻ രക്ഷിക്കണം എന്നായിരുന്നു ഞങ്ങളുടെ മനസ്സിൽ. അവന്റെ ആനമൂളിയിലെ തൊട്ടടുത്ത് പാതയോരത്ത് തന്നെയുള്ള വീട്ടിൽ പറയാതെ അടുത്ത് തന്നെയുള്ള ഒരു ബന്ധു വീട്ടിലേക്ക് കൂടെ ഉണ്ടായിരുന്ന ബന്ധു റോഡിൽ നിന്ന് തന്നെ വിളിച്ച് പറഞ്ഞു. ശരവേഗത്തിൽ ഞാനെന്റെ കാറുമായി പാഞ്ഞു. ആ അട്ടപ്പാടി മണ്ണാർക്കാട് റോഡിലെ എന്റെ മുന്നിൽ പോകുന്ന വാഹനങ്ങളോ എനിക്കെതിരേ വരുന്ന വാഹനങ്ങളോ ഒന്നും എനിക്ക് തടസ്സമായിരുന്നില്ല എല്ലാവരെയും അതിവേഗം മറികടന്ന് ഞാൻ മുന്നോട്ട് പോയി കൊണ്ടിരുന്നു. ഒരു ജീവൻ രക്ഷിക്കുക അതിനായി ഞാൻ ഡ്രൈവിങ്ങിലെ എന്റെ മുഴുവൻ സാഹസിക വൈദഗ്ദ്യവും പുറത്തെടുത്തു.
വാഹനത്തിൽ ഇരുന്ന് കൊണ്ട് തന്നെ ‘സിദ്ദീഖ് ‘(അതായിരുന്നു അവന്റെ പേര്) ആർക്കൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു. ആരുടെയോ ഉപദേശപ്രകാരം കല്ലടിക്കോട് ഏതോ വിഷവൈദ്യന്റെ യടുത്താണ് അവന് പോകേണ്ടത്. ഞാൻ ആവുന്നത്ര പറഞ്ഞു. “സമയം വൈകിയിട്ടില്ല. നിന്നെ പെരിന്തൽമണ്ണയിലോ കോഴിക്കോട് മെഡിക്കൽ കോളേജിലോ പാലക്കാട് ജില്ലാ ആസ്പത്രിയിലോ എവിടെ വേണമെങ്കിലും കൊണ്ട് പോകാം. ഞങ്ങളുടെ എല്ലാ തിരക്കുകളും മാറ്റി വക്കാം നമുക്ക് പെരിന്തൽമണ്ണയിൽ നിന്ന് പ്രാഥമിക ചികിത്സ നേടി കോഴിക്കോട് പോകാം ” അവൻ വീണ്ടും ആർക്കോ ഫോൺ ചെയ്തു “റോസി ചേച്ചിക്ക് കല്ലടിക്കോട് നിന്നാണത്രേ വിഷമിറങ്ങിയത് നമുക്ക് അവിടെ തന്നെ പോകാം”. പൊട്ട വൈദ്യൻമാരെ എനിക്ക് പണ്ടേ വിശ്വാസമില്ലാത്തത് കൊണ്ട് പിന്നെയും ഞാൻ ആവുന്നത്ര പറഞ്ഞ് നോക്കി. അവന് ഒരേ നിർബ്ബന്ധം. കല്ലടിക്കോട്ടെ വിഷവൈദ്യന്റെടുത്തേക്ക് എന്റെ വാഹനം അതിവേഗം കുതിച്ചു.NH 213 ൽ എന്നെ തടയാനോ, മറികടക്കാനോ അന്നാരു മുണ്ടായിരുന്നില്ല.
എന്റെ നിർബ്ബന്ധത്തിന് വഴങ്ങി പെരിന്തൽമണ്ണയിലോ കോഴിക്കോടോ അവൻ വന്ന് എന്തെങ്കിലും സംഭവിച്ചാൽ….. ആ ചിന്തയും എന്നെ നെല്ലിപ്പുഴയിൽ നിന്ന് കിഴക്കോട്ടൊടിക്കാൻ പ്രേരിപ്പിച്ചു. ആകെ ഒരു മുപ്പത് മുപ്പത്തഞ്ച് മിനുട്ട് കൊണ്ട് ഞങ്ങൾകല്ലടിക്കോടെത്തി.അവിടെ ഏതോ ഇരയേയും കാത്ത് ഒരു വിഷവൈദ്യൻ ഇരിക്കുന്നുണ്ടായിരുന്നു. അയാൾ സിദ്ദീഖിന്റെ മുറിപ്പാടുകൾ പരിശോധിച്ചു. “കുഴപ്പമൊന്നും ഇല്ല” ഒരു അര മണിക്കൂർ കൊണ്ട് ശരിയാക്കാമെന്നായി അയാൾ.
ഒരു ഗ്ലാസിൽ ചുവന്ന കൊഴുത്ത ഒരു ദ്രാവകം സിദ്ദീഖിന് കുടിക്കാൻ കൊടുത്തു. ഞങ്ങൾ അര മണിക്കൂർ കാത്ത് നിന്നു. എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു. സിദ്ദീഖ് എന്നോട് പറഞ്ഞു “എന്റെ കണ്ണ് “ഇരുട്ടടച്ചു കൊണ്ടിരിക്കുന്നു”
ആ കണ്ണിൽ ഇരുട്ട് വ്യാപിച്ചുകൊണ്ടിരിക്കയായിരുന്നു. ആ കണ്ണിലെ ശരിയായവെളിച്ചത്തിൽ അവസാനമായി അവൻ കണ്ടത് എന്നെയായിരിരുന്നിരിക്കണം. എനിക്ക് ആ കണ്ണിലെ വെളിച്ചം തെളിച്ചമായി തന്നെ നിലനിർത്താൻ ആവുന്നത് ചെയ്യണമെന്നുണ്ടായിരുന്നു. ഞാൻ വീണ്ടും അവനോട് ആസ്പത്രിയിൽ പോകാമെന്ന് പറഞ്ഞു. അവൻ സമ്മതിച്ചില്ല.ഞാൻ വൈദ്യരോട് കണ്ണിലിരുട്ടടക്കുന്ന കാര്യം പറഞ്ഞു. വൈദ്യർ പറഞ്ഞു. “വയറ്റിൽ നിന്ന് പോയിക്കോളും, പോയാൽ എല്ലാം ശരിയാകും”
സിദ്ദീഖിന് ഒരു അഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ വയറ്റീന്ന് പോയി. വിഷമിളകി പോകുകയാണെന്നായി വൈദ്യർ.
വീണ്ടും സിദ്ദീഖിന് കണ്ണ് ഇരുട്ടടക്കാൻ തുടങ്ങി. വൈദ്യർ അതേ മരുന്ന് ഡോസ് കൂട്ടികൊടുത്തു. സിദ്ദീഖിന് വയറിളകി പോയി കൊണ്ടിരുന്നു. വൈദ്യരുടെ ഭാഷയിൽ വിഷമിള കി പോയി കൊണ്ടിരുന്നു.
സിദ്ദീഖിന്റെ ബന്ധുക്കളെല്ലാവരും അവിടെ എത്തി. പിന്നെയും ഒരു രണ്ട് മണിക്കൂർ കൂടെ ഞങ്ങളവിടെ ചെലവഴിച്ചു.ശക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ബന്ധുക്കൾ അവിടെ ഉണ്ടായിരുന്നു.പിന്നെ ഞങ്ങൾക്കവിടെ കാര്യമില്ല. ഞങ്ങൾ വീടുകളിലേക്ക് തിരിച്ച് പോന്നു. പിറ്റെ ദിവസം സിദ്ദീഖിന്റെ ഫോണിലേക്ക് വിളിച്ചു. ആരും ഫോണെടുത്തില്ല.അതിനടുത്ത ദിവസം വീണ്ടും വിളിച്ചു കുറെ നേരം റിങ്ങ് ചെയ്തപ്പോൾ കരഞ്ഞു കൊണ്ടോരു സ്ത്രീ ഫോണെടുത്തു. ഞാൻ സിദ്ദീഖിനെ അന്യേഷിച്ചു. “മരിച്ചു പോയി ആളുകളൊക്കെ ഖബറടക്കത്തിന് പോയിരിക്കുന്നു”. ഇന്നും കണ്ണിൽ മായാതെ നില്കുന്ന ആ ചെറുപ്പ ക്കാരന്റെ മുഖം ഈ ഭൂമിയിൽ നിന്ന് മായ്ച്ച് കളഞ്ഞതിൽ തരികിട വൈദ്യത്തിന്ന് പ്രധാന പങ്ക് ഉണ്ട് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ശീട്ട് കളി മേശ ഇടുന്നവരെപ്പോലെ അകത്തായാലും, പുറത്തായാലും, മേശപ്പിരിവ് കൃത്യമായി എണ്ണി വാങ്ങുന്നവർ. ജീവന്റെ സൗന്ദര്യവും, വിലയും, അറിയാത്ത രക്തത്തിൽ കലർന്ന വിഷത്തിന് വയറിളക്കിയാൽ ചികിത്സയായി എന്ന് വിചാരിക്കുന്ന തെണ്ടി പരിഷകൾ . ചില്ലറ ചെരങ്ങും ചൊറിയുമൊക്കെ മാറ്റാമെന്നോ, മറ്റോ ബോഡെഴുതിക്കോട്ടെ, പക്ഷേ യാതൊരു ശാസ്ത്രീയ പിൻബലവും, സ്വന്തം ചികിത്സയിൽ സ്വയം തന്നെ വിശ്വാസവുമില്ലാതെ ജീവനെ തൊട്ട് കളിക്കുന്ന മോഹന വൈദ്യരടക്കമുള്ള സകല ചാർ സൗ ബീസു കളെയും ചങ്ങലയിട്ട് പൂട്ടുകയും, അറിഞ്ഞ് കൊണ്ട് തന്നെ പിഴവായ ചികിത്സ നടത്തുന്നത് കൊണ്ട് ജീവൻ നഷ്ടപ്പെടാനിടയായാൽ കൊലക്കുറ്റത്തിന് കേസെടുക്കുകയും, ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് കനത്ത നഷ്ടപരിഹാരം ഈടാക്കി കൊടുക്കുകയും ചെയ്യേണ്ടതുണ്ട്.