‘അശാസ്ത്രീയ ചികിത്സകള്‍ ഒഴിവാക്കപ്പെടണം’; ഡോക്ടറുടെ കുറിപ്പ്

ചിക്കന്‍ പോക്‌സ് ബാധിച്ച് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ചികില്‍സ തേടി രോഗം ഗുരുതരമായി അങ്ങേയറ്റം നരകതുല്യമായി മരണപ്പെട്ട ഒരാളെക്കുറിച്ച് വന്ന വാര്‍ത്തയും അടുത്ത ദിവസങ്ങളില്‍ തന്നെയാണ്.

ബദല്‍ ചികിത്സ മൂലം നിരവധി പേരാണ് ഇന്ന് മരണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. പാരമ്പര്യവും അനുഭവ സമ്പത്തും കരുവാക്കിക്കൊണ്ട് കപട ചികിത്സര്‍ നടത്തി വരുന്ന അശാസ്ത്രീയ ചികിത്സയുടെ പരിണിത ഫലം മരണം തന്നെയാണ് ഭൂരിഭാഗം പേര്‍ക്കും. ചിക്കന്‍ പോക്‌സ് ബാധിച്ച് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ചികില്‍സ തേടി രോഗം ഗുരുതരമായി അങ്ങേയറ്റം നരകതുല്യമായി മരണപ്പെട്ട ഒരാളെക്കുറിച്ച് വന്ന വാര്‍ത്തയും അടുത്ത ദിവസങ്ങളില്‍ തന്നെയാണ്. ഇപ്രകാരം ബദല്‍ ചികിത്സകള്‍ ഉണ്ടാക്കുന്ന ഭീകരമായ പ്രശ്‌നങ്ങളെക്കുറിച്ച് വിശാല്‍ സോണി എന്ന ആയുര്‍വ്വേദ ഡോക്ടര്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയാവുന്നത്.

ഇതരചികില്‍സകര്‍ക്ക് മുഴുവന്‍ മതിയായ വിദ്യാഭ്യാസവും പരിശീലനവും കൊടുത്ത് പടിപടിയായി ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കാനുള്ള അവസരമൊരുക്കുക മാത്രമേ പ്രതിവിധിയുള്ളൂ എന്നാണ് ഡോ.വിശാല്‍ സോണി പറയുന്നത്. പടിപടിയായി അശാസ്ത്രീയ ചികില്‍സകള്‍ ഒഴിവാക്കപ്പെടണം. ആയുര്‍വേദം പോലുള്ള വിഷയങ്ങളില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണം ശാസ്ത്രീയരീതികള്‍ മാത്രം അവലംബിച്ച് നടക്കട്ടെ. അതേ ആവശ്യമുള്ളൂ, അതേ പാടുള്ളൂ എന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ പറയുന്നു.

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്;

ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഒരു ഹൗസ് സര്‍ജന്‍ എഴുതിയ കുറിപ്പ് പലരും ഷെയര്‍ ചെയ്‌തൊക്കെ ആണ് വായിച്ചത്. സാധാരണ വൈദ്യശാസ്ത്രസംബന്ധിയായ പോസ്റ്റുകള്‍, പ്രത്യേകിച്ചും ബോധവല്‍ക്കരണം ആവശ്യമായവ വായിച്ചാലുടനെ ഷെയര്‍ ചെയ്യാറുണ്ട്. ഇന്നലെ വായിച്ചത് മാത്രം ഷെയര്‍ ചെയ്യാന്‍ ആവുന്നില്ലായിരുന്നു. അത്രത്തോളം ഭീതിദമായ ഒരു മരണത്തെക്കുറിച്ചായിരുന്നത്. ചിക്കന്‍ പോക്‌സ് ബാധിച്ച് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ചികില്‍സ തേടി രോഗം ഗുരുതരമായി അങ്ങേയറ്റം നരകതുല്യമായി മരണപ്പെട്ട ഒരാളുടെ ജീവിതത്തിന്റെ അവസാനനിമിഷങ്ങള്‍. ആര് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? അറിവില്ലായ്മ മൂലം മരണത്തിലേക്ക് നടന്ന് കയറിപ്പോയ രോഗിയെയും കുടുംബത്തെയുമോ, തങ്ങള്‍ പഠിച്ചതും വിശ്വസിച്ചതും ശരിയെന്ന് കരുതി, ചികില്‍സയെന്ന് കരുതി മരണം സമ്മാനിക്കുന്ന സമാന്തരചികില്‍സകരെയോ, ആതുരസേവനമാഗ്രഹിച്ച് എന്‍ട്രന്‍സെഴുതുന്ന, ഏതാനും മാര്‍ക്കിന്റെ കുറവ് മാത്രമുള്ള, ഒട്ടും മോശക്കാരല്ലാത്ത വിദ്യാര്‍ത്ഥികളെ ഇത്തരം വിചിത്ര ചികില്‍സകള്‍ പഠിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെയോ? ആരെയും ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

മാറണമെങ്കില്‍ എല്ലാം മാറണം. ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ & സര്‍ജറി എന്ന ബിഎഎംഎസ് കോഴ്‌സ് പഠിച്ചിറങ്ങിയ അന്ന് മുതല്‍ നിത്യവും നേരില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍, പഠിച്ചറിഞ്ഞ യഥാര്‍ത്ഥ ശാസ്ത്രത്തിന്റെ (ആയുര്‍വേദമല്ല, വൈദ്യശാസ്ത്രം തന്നെ) പൊള്ളിക്കുന്ന സമസ്യകള്‍, പലതും പറയുന്നുണ്ട് ഞാനും. ആരോടാണ് പറയുന്നത്? പറയുന്നത് പലതും ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുന്നു, അല്ലെങ്കില്‍ സ്വന്തം പ്രൊഫഷണല്‍ കൊളീഗ്‌സിന്റെ ഫേസ്ബുക്ക് പൊങ്കാലകളില്‍ അവസാനിക്കുന്നു. ആയുര്‍വേദത്തെ പറഞ്ഞാല്‍ പ്രശ്‌നമാണ്, ഹോമിയോയെ പറഞ്ഞാല്‍ പ്രശ്‌നമാണ്, മരുന്ന് മാഫിയക്കാരന്റെ ആളായി, വേറെ പലതും ആയി. ആയുര്‍വേദം മാത്രം കേമമാണെന്ന് പറയാനാണെങ്കില്‍, പഠിച്ച മറ്റ് കാര്യങ്ങളൊന്നും മിണ്ടാതിരിക്കാനാണെങ്കില്‍, ഒരിക്കലും ഉപയോഗിക്കാതിരിക്കാനാണെങ്കില്‍ അനാട്ടമി മുതലുള്ള വൈദ്യശാസ്ത്ര വിഷയങ്ങള്‍ ഇവിടെയും പഠിക്കുന്നതെന്തിനാണ്?

പറയും, പറയണം, പലതും പറഞ്ഞേ പറ്റൂ. പേരില്‍ സര്‍ജറിയുണ്ട്. പക്ഷേ, ഒരു ആബ്‌സസ് ഡ്രെയിന്‍ ചെയ്യണമെങ്കില്‍ പോലും അത്രത്തോളം റിസ്‌കിലേ നമുക്ക് ചെയ്യാനാവൂ. അനാട്ടമി പഠനത്തിനായി മുന്നില്‍ കിടന്ന് തന്ന കഡാവറും, നമ്മള്‍ ചികിത്സയെന്ന് പഠിച്ച് നമ്മളാലനുവദിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്ത് പരാജയപ്പെടുന്ന രോഗികളും ആണ് നമ്മുടെ ഗുരുക്കന്മാര്‍. ചികിത്സ എങ്ങനെ ചെയ്യണമെന്ന് മാത്രം പഠിച്ചാല്‍ പോരാ, എങ്ങനെ ചെയ്യരുതെന്ന അറിവ് കൂടിയാണ് വേണ്ടത്. ഒരു സ്യൂച്ചറിടണമെങ്കില്‍, ഒരു മൈനര്‍ സര്‍ജിക്കല്‍ പ്രൊസീജ്യര്‍ ചെയ്യണമെങ്കില്‍, ചെയ്യേണ്ട സന്ദര്‍ഭത്തില്‍ ചെയ്‌തേ മതിയാകൂ. അതിന് എടുക്കേണ്ടി വരുന്ന റിസ്‌ക് പോലും ചില്ലറയല്ല. ലോക്കല്‍ അനസ്‌തെറ്റിക് ഇല്ലാതെ എന്തെങ്കിലും കീറലും തുന്നലുമൊക്കെ ചെയ്ത് വേദനകൊണ്ട് പേഷ്യന്റ് ഷോക്കിലായി എന്തെങ്കിലും സംഭവിച്ചാല്‍ അത് വലിയ പ്രശ്‌നമാണ്.

ലോക്കല്‍ അനസ്‌തെറ്റിക് ഉപയോഗിച്ചിട്ട് റിയാക്ഷനടിച്ച് രോഗിക്കെന്തെങ്കിലും സംഭവിച്ചാല്‍ അത് അതിലും വലിയ പ്രശ്‌നമാണ്. രണ്ടാമത്തേത് താരതമ്യേന സുരക്ഷിതമായ രീതി ആണ്. പക്ഷേ ഒരു ലക്ഷത്തില്‍ ഒരാള്‍ക്കെങ്കിലും റിയാക്ഷനടിക്കാനുള്ള സാധ്യതയും ആ രോഗി നമ്മുടെ രോഗി ആവാനുള്ള സാധ്യതയും കരുതിയാല്‍ അയാള്‍ക്ക് എങ്ങനെയും ചികിത്സ കൊടുക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന അവസ്ഥയും ഒത്തുവന്നാല്‍ റിസ്‌ക് ചില്ലറയല്ല. അപ്പോള്‍ അടിയന്തിര ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ട മരുന്നുകളും മറ്റ് സജ്ജീകരണങ്ങളും ഉണ്ടെങ്കിലേ ഒരു ലോക്കല്‍ അനസ്‌തെറ്റിക് പോലും കൊടുക്കാനാവൂ എന്ന് അറിയണം. ഇതെല്ലാം ഉണ്ടെങ്കിലാണ് അടുത്ത പ്രശ്‌നം, ഇതൊന്നും ഉപയോഗിക്കാന്‍ നിയമപരമായ അനുവാദവുമില്ല. അവസാനം എന്തെങ്കിലും വൈപരീത്യം സംഭവിച്ചാല്‍ വ്യാജ ചികിത്സ ചെയ്തുള്ള അപകടമാകും. അപ്പോഴെന്താണ് ചെയ്യാനാവുക, ഒന്നുകില്‍ റെഫര്‍ ചെയ്യണം, അല്ലെങ്കില്‍ ഫലപ്രദമല്ലെന്ന് ഏറെക്കുറെ ഉറപ്പുള്ള തട്ടിക്കൂട്ടുകള്‍ ചികില്‍സയെന്ന പേരില്‍ ചെയ്യണം. അങ്ങനെ ചെയ്ത് രോഗി മരണപ്പെട്ടാലും നമുക്ക് കാര്യമായ റിസ്‌കൊന്നുമില്ല. പഠിച്ചിട്ടുള്ളതില്‍ നിയമപരമായി ചെയ്യാന്‍ അനുവാദമുള്ള കാര്യങ്ങളേ ചെയ്തിട്ടുള്ളൂ, പഠിച്ചിട്ടുള്ളത് പ്രകാരം ആ അവസ്ഥയില്‍ അത്തരം ചികില്‍സയാവാം, അത് നല്‍കിയിട്ടും രോഗി മരിച്ചാല്‍ നമ്മളെന്ത് ചെയ്യാനാണെന്ന് പറയാം. എന്തുകൊണ്ട് റെഫര്‍ ചെയ്തില്ല എന്നാണേല്‍ രോഗി റഫറല്‍ നിഷേധിച്ചു എന്നൊരു കാരണം കൂടി താങ്ങാം.

നമ്മുടെ ചികിത്സ തന്നെ വേണം എന്ന് പറഞ്ഞ് സമീപിക്കുന്ന രോഗിയെ ചികില്‍സ നിഷേധിച്ച് മടക്കാനാവില്ല എന്നതിനാല്‍ നിയമപരമായോ ധാര്‍മ്മികമായോ അതും തെറ്റല്ല. അവസാനം ബാക്കിയുണ്ടാവുക ആരോഗ്യവും ജീവനും നഷ്ടപ്പെട്ട കുറെ രോഗികളും നിയമത്തിന്റെ സാങ്കേതികതകളില്‍ ഊരിപ്പോകുന്ന ഡോക്ടര്‍മാരും മാത്രമാവും.

ഇപ്പൊ മേല്‍പ്പടി കേസിലും ചിക്കന്‍പോക്‌സുകാരനെ ചികിത്സിച്ച് കൊന്നു എന്ന് പറഞ്ഞ് ഹോമിയോ ഡോക്ടര്‍മാര്‍ക്കെതിരെയും വേണമെങ്കില്‍ സാങ്കേതികമായി നിയമനടപടികളെടുക്കാം. അവസാനം ഒന്നും സംഭവിക്കില്ല, അവര്‍ പഠിച്ചതേ അവര്‍ ചെയ്തിട്ടുള്ളൂ, ഒരു സര്‍ക്കാര്‍ സിസ്റ്റത്തിന്റെ ഭാഗമായി അവരവരുടെ ജോലി മാത്രമാണ് ചെയ്തത് എന്നേ വരൂ. അതില്‍ അവര്‍ അവരുടേതല്ലാത്ത വ്യാജ ചികിത്സ ചെയ്തിട്ടുണ്ടായ അപകടമല്ല. ചികില്‍സയുടെ പോരായ്മ മാത്രമാണത്. ഫ്‌ലാറ്റ് പൊളിക്കല്‍ വിഷയം പോലെ സാങ്കേതികമായി മാത്രം കൈകാര്യം ചെയ്താല്‍ ഒരന്തവും കുന്തവുമില്ലാത്ത കേസാണത്. സ്വന്തം ചികിത്സയിലെ പല പ്രശ്‌നങ്ങളും ആണ് പലപ്പോഴും പല കാര്യങ്ങളിലും ആയുര്‍വേദക്കാരന്‍ എന്ന ബയസില്ലാതെ ചിന്തിക്കാന്‍ എനിക്ക് പ്രേരണ.

ഒരിക്കല്‍ റൂറല്‍ സര്‍വീസിനിടെ ഒരാള്‍ക്ക് കോട്ടറി ചെയ്യേണ്ടി വന്നു. ഇത് അനസ്‌തെറ്റൈസ് ചെയ്യാതെ ചെയ്താല്‍ പ്രശ്‌നമാവില്ലേ എന്ന് ചോദിച്ചു, ചെയ്താലും പ്രശ്‌നമാവാന്‍ സാധ്യതയുണ്ടല്ലോ എന്ന് മറുചോദ്യം വന്നു. അവസാനം അനസ്‌തെറ്റൈസ് ചെയ്യാതെ ആളെ പിടിച്ച് കോട്ടറി ചെയ്യേണ്ടി വന്നു. അവസാനം ദേ ആള് കറങ്ങിയടിച്ച് താഴെ കിടക്കുന്നു. വളരെ ബുദ്ധിമുട്ടി റിവൈവ് ചെയ്യാന്‍ സാധിച്ചു. അല്ലെങ്കില്‍ അന്നേ നമ്മള്‍ ചെയ്ത കൊലപാതകങ്ങളുടെ സ്‌കോര്‍ ബോര്‍ഡില്‍ ഒരാള്‍ കയറിയേനെ. പിന്നൊന്ന് സംഭവിച്ചത് കാലിലൊരു വ്രണം വന്ന് പഴുപ്പ് കയറിയ പേഷ്യന്റാണ്, കണ്ടപ്പോഴേ പറഞ്ഞു, ഇത് കീറി ഡ്രെയിന്‍ ചെയ്യേണ്ടി വരും, ഒന്നുകില്‍ ഞാന്‍ ചെയ്യാം, അല്ലെങ്കില്‍ റെഫര്‍ ചെയ്യാം. പേഷ്യന്റ് രണ്ടും സമ്മതിക്കുന്നില്ല, കീറാനുള്ള പേടി, എന്തെങ്കിലും മരുന്ന് തന്നേ പറ്റൂ എന്നായി. ആന്റിബയോട്ടിക് കൊടുത്താല്‍ വീണ്ടും വ്യാജചികില്‍സകനാകും. മാത്രമല്ല, അത്രത്തോളം പഴുപ്പ് ബാധിച്ചയാള്‍ക്ക് ആന്റിബയോട്ടിക് കൊടുത്താലും കാര്യമൊന്നുമില്ല, പഴുപ്പ് ഡ്രെയിന്‍ ചെയ്യുക തന്നെ വേണം. അവസാനം പഠിച്ചിട്ടുള്ളതും നിയമപരമായി അനുവദനീയമായതുമായ നമ്മുടെ മരുന്നുകള്‍ കൊടുത്തു, പണി പാളുമെന്നറിഞ്ഞ് തന്നെ, പനിയോ വിറയലോ മറ്റോ ഉണ്ടായാല്‍ ഉടനെ എന്നെയൊന്ന് വിളിച്ചോണം എന്ന് മാത്രം പറഞ്ഞു. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, വിളി വന്നു, ഇനി ഒന്നും ചെയ്യാനില്ല, വേഗം ഹോസ്പിറ്റലൈസ് ചെയ്‌തോളൂ എന്ന് പറഞ്ഞു. എന്തായാലും ആള് സെപ്റ്റിസീമിയ അടിച്ച് കാഞ്ഞ് പോയില്ല, കാല് മുറിച്ചുകളയേണ്ടിയും വന്നില്ല.

പിന്നെ ഈയിടെ പറഞ്ഞതുപോലെ തൈറോയ്ഡ് അനോമലീസില്‍ ഇതുപോലെ നമ്മുടെ കിടിലോല്‍ക്കിടിലം ചികില്‍സ ചെയ്ത് പണി പാളിയ കുറെ കേസുകള്‍ കണ്ടിട്ടുണ്ട്. ട്രൊമാറ്റിക് ഓപ്റ്റിക് നെര്‍വ് അട്രഫിയില്‍ കാഴ്ച ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ചികില്‍സിക്കുന്നവരെ കണ്ടിട്ടുണ്ട്, അങ്ങനെ പലതും. പഠിക്കുന്നതിലും ചികിത്സ ചെയ്യുന്നതിലും വരുന്ന ബയസുകളാണ് തൈറോയ്ഡ് പ്രശ്‌നങ്ങളിലോ ഓപ്റ്റിക് നെര്‍വ് അട്രഫി പോലുള്ള അവസ്ഥകളിലോ എന്താണ് സംഭവിക്കുന്നത് എന്ന് പോലും ശാസ്ത്രീയമായി ചിന്തിക്കാതെ പലവിധ ചികില്‍സകള്‍ നല്‍കാന്‍ പലര്‍ക്കും കാരണമാവുന്നത്.

ഒരിക്കലൊരു ഡോക്ടര്‍ ഒരു ടെറിജിയത്തിന്റെ ചിത്രം അയച്ചു തന്ന് ഇതെന്താണെന്ന് ചോദിച്ചു, അത് ടെറിജിയം ആണെന്ന് പറഞ്ഞപ്പോള്‍ ഉടനെ അതെന്താണെന്നായി ചോദ്യം. കാര്യം വിശദീകരിച്ച് കഴിഞ്ഞപ്പോള്‍ ആയുര്‍വേദത്തിലെ അതിന്റെ മെഡിക്കല്‍ മാനേജ്‌മെന്റ് അറിയണം പോലും. അതൊരു സര്‍ജിക്കല്‍ കേസാണെന്ന് പറഞ്ഞാല്‍ പ്രശ്‌നമാണ്, ആയുര്‍വേദ ഔഷധം കൊടുത്ത് ചികില്‍സിക്കാമെന്ന് പറഞ്ഞാലേ തൃപ്തി വരൂ. വൈദ്യശാസ്ത്രസംബന്ധമായ ഒരു സാങ്കേതികപദമോ ഒരു ശരീരാവയവത്തിന്റെ അനാട്ടമിയോ ഫിസിയോളജിയോ പോലും ബോധ്യമില്ലാതെ എന്തിനെ ചികില്‍സിക്കാനാണ് പലരും വ്യഗ്രതപ്പെടുന്നതെന്ന് എനിക്കറിയില്ല. അനാട്ടമിയോ ഫിസിയോളജിയോ ചിന്തിച്ചാല്‍, ഒരസുഖത്തിന്റെ പതോജനസിസ് കൃത്യമായി വിശദീകരിച്ചാല്‍ ആയുര്‍വേദ വിരോധി ആക്കിക്കളയും.

ഇന്നലെയും വഴിയില്‍ കണ്ടൊരാള്‍ പറഞ്ഞു, ശ്വാസംമുട്ടാണ്, കുറച്ച് നടന്നാല്‍ കിതയ്ക്കുന്നു. ഒന്നും പറഞ്ഞില്ല, പറ്റുമെങ്കില്‍ ഒരു ദിവസം വീട്ടില്‍ വന്ന് കാണാന്‍ പറഞ്ഞു. കുറച്ചധികം വിശദമായി പരിശോധിച്ചാലേ കാര്യമറിയാന്‍ പറ്റൂ, ആസ്ത്മ ആവാം, ഹൈപ്പര്‍ടെന്‍ഷന്‍ ആവാം, ഹാര്‍ട്ടിന്റെ എന്തെങ്കിലും പ്രശ്‌നങ്ങളാവാം, ലങ്ങ് ക്യാന്‍സര്‍ വരെ ആവാം. കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കുന്നത് പോലെ ചികില്‍സ പറ്റില്ല. കൃത്യമായി കാരണമറിയുന്നതാണ് പ്രധാനം. ബൈ ദി ബൈ ഇപ്പറഞ്ഞ ശ്വാസംമുട്ടല്‍ എനിക്കും പണ്ടേ ഉള്ളതാണ്. വല്ലാതെ കൂടിയാല്‍ മാത്രം ചികില്‍സ തേടും. സ്ഥിരമായി ശ്വാസംമുട്ടുംകൊണ്ട് നടക്കുന്നൊരാള്‍ക്ക് അത് വളരെ സാധാരണമായ ഒരു കാര്യമാണ്. ഇനിയൊരു ദിവസം അതങ്ങ് ലങ്ങ് ക്യാന്‍സര്‍ മൂലം ആയാലും അറിഞ്ഞില്ലെന്ന് വരും. ചിലപ്പൊ അങ്ങനൊക്കെയങ്ങ് തട്ടിപ്പോയെന്നിരിക്കും, ചിലപ്പൊ വലിച്ച് വലിച്ച് നൂറ്റാണ്ട് ജീവിച്ചെന്നും വരും. എപ്പോഴുമെപ്പോഴും ശ്വാസംമുട്ട് വരുന്നതിന്റെ കാരണമന്വേഷിച്ച് ആര് നടക്കുന്നു. നമുക്കത് സ്വാഭാവികകാര്യം. അത് നമ്മളെ മാത്രം ബാധിക്കുന്ന കാര്യം. മറ്റൊരാളെ കാര്യമറിയാതെ ചികിത്സിച്ച് അവതാളത്തിലാക്കുന്നത് അങ്ങനെയല്ല.

ഒന്നും ഒരിക്കലും മാറില്ല, പറഞ്ഞുകൊണ്ടിരിക്കാം. മാറണമെങ്കില്‍ എല്ലാം മാറണം. ഇതരചികില്‍സകര്‍ക്ക് മുഴുവന്‍ മതിയായ വിദ്യാഭ്യാസവും പരിശീലനവും കൊടുത്ത് പടിപടിയായി ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കാനുള്ള അവസരമൊരുക്കുക മാത്രമേ പ്രതിവിധിയുള്ളൂ. പടിപടിയായി അശാസ്ത്രീയ ചികില്‍സകള്‍ ഒഴിവാക്കപ്പെടണം. ആയുര്‍വേദം പോലുള്ള വിഷയങ്ങളില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണം ശാസ്ത്രീയരീതികള്‍ മാത്രം അവലംബിച്ച് നടക്കട്ടെ. അതേ ആവശ്യമുള്ളൂ, അതേ പാടുള്ളൂ.

https://www.facebook.com/vishalsoney/posts/2539977912690156

Content Highlights: Ayurveda doctor Vishal Soney’s Facebook post on unscientific treatments.