ഭക്ഷണക്രമങ്ങളിലെ ചെറിയ മാറ്റങ്ങൾ പോലും വിഷാദരോഗ ലക്ഷണങ്ങളെ കുറയ്ക്കാൻ സാധിക്കുമെന്ന് പഠനം 

ശാരീരികാരോഗ്യത്തിന്റെ അവിഭാജ്യഘടകമാണ് മാനസികാരോഗ്യം. ഒരു വ്യക്തിയെ ആരോഗ്യവാനെന്ന് വിളിക്കണമെങ്കിൽ അയാൾക്ക് ശാരീരികമായ ആരോഗ്യം മാത്രമല്ല മറിച്ച് ശരീരത്തിന്റെ അവിഭാജ്യഭാഗമായ മനസിനും അതേ ആരോഗ്യ സ്ഥിതിതന്നെ ഉറപ്പുവരുത്തണം. ഇത് രണ്ടും ചേരുമ്പോൾ മാത്രമാണ് ആരോഗ്യം എന്ന വാക്ക് പൂർണമാവുകയുള്ളു. 

അതുകൊണ്ടുതന്നെയാണ് ഭക്ഷണവും പോഷണവും ഒരു വ്യക്തിയുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള പുതിയ പഠന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

ചെറുപ്പക്കാരുടെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനുള്ള ഫലപ്രദമായ തന്ത്രമാണ് അവരുടെ ഭക്ഷണരീതികളിൽ വരുത്തുന്ന മാറ്റങ്ങൾ എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയയിലെ മക്വാരി സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

ദൈനംദിന പ്രവർത്തനങ്ങളിൽ താൽപര്യം നഷ്ടപ്പെട്ട് ദുർബലമായ മാനസികാവസ്ഥയിലാകുന്നതിനെയാണ്  വിഷാദം അഥവാ ഡിപ്രഷൻ എന്നു വൈദ്യശാസ്ത്രപരമായി പറയുന്നത്. എന്നാൽ മോശമായ ഭക്ഷണശീലത്തിന്റെ ഫലമായാണോ അതോ മോശമായ ഭക്ഷണക്രമത്തിന് വ്യക്തിയെ പ്രേരിപ്പിക്കുന്നതാണോ വിഷാദത്തിനു കാരണം എന്ന്  ഇതുവരെ വ്യക്തമായിട്ടില്ല.

“ഹ്രസ്വകാസ ഭക്ഷണ ക്രമീകരണം ചെറുപ്പക്കാരിലെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും” എന്ന തലക്കെട്ടിൽ നടത്തിയ പഠനത്തിന്റെ ഫലങ്ങൾ ശാസ്ത്ര ജേണലായ പ്ലസ് വണിലാണ് പ്രസീദ്ധീകരിച്ചത്. 17 നും 35 നും ഇടയിൽ പ്രായമുള്ള വിഷാദരോഗത്തിന് അടിമകളായ 76 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. 

മൂന്നാഴ്ചക്കാലത്തേക്ക് ഇവരുടെ  ദൈനംദിന ഭക്ഷണരീതികളിൽ മാറ്റം വരുത്തി പരീക്ഷിച്ചതിൽ നിന്നും  ഭക്ഷണക്രമങ്ങളിലെ മാറ്റങ്ങൾക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സാധിക്കുന്നമെന്നാണ് കണ്ടെത്തിയത്. പോഷകാഹാര രീതികൾ ശീലിക്കുക എന്നതുതന്നെയാണ്  ഇത്തരം വിഷാദരോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനുള്ള ഉത്തമമാർഗം എന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Content Highlights: Study says Even brief shift in diet may impact depression symptoms in young adults.