രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ ബീച്ചുകള്‍ കേരളത്തിലെന്ന് എന്‍സിസിആര്‍ റിപ്പോര്‍ട്ട്

Kerala beaches are the most dirtiest beaches in India

രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ ബീച്ചുകള്‍ കേരളത്തിലെന്ന് എന്‍സിസിആര്‍ റിപ്പോര്‍ട്ട്. ബീച്ചുകളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യത്തിന്റെ കണക്കിലാണ് കേരളം ഏറ്റവും മുന്നിലുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ ഒരു ബീച്ച് ശുചീകരണ പരിപാടിയില്‍ കേരളത്തിലെ അഞ്ച് ബീച്ചുകളില്‍ നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഒന്‍പതര ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ റിസര്‍ച്ചിനു കീഴിലുള്ള എംഓഇഎസ് ലാബാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലാബിന്റെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പരിപാടിയില്‍ ബീച്ചുകളില്‍ നിന്ന് 35 ടണ്ണോളം മാലിന്യം നീക്കം ചെയ്തുവെന്നാണ് വിവരം. ഏഴ് ടണ്ണിനടുത്ത് മാലിന്യം കണ്ടെടുത്ത തമിഴ്‌നാട് കേരളത്തിന് തൊട്ടുപിന്നിലുണ്ട്. തമിഴ്‌നാട്ടിലെ ഏഴ് ബീച്ചുകളില്‍ നിന്നാണ് ഇത്രയും മാലിന്യം ലഭിച്ചത്.

കേരളത്തില്‍ ഏറെ വിനോദ സഞ്ചാരികളെത്തുന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട്, കോഴിക്കോട്, ഫോര്‍ട്ട് കൊച്ചി, ആലപ്പുഴ, കഴക്കൂട്ടം പെരുന്തുറ ബീച്ചുകളിലാണ് ശുചീകരണ യജ്ഞം നടത്തിയത്. ബീച്ചുകളില്‍ നിന്നും കണ്ടെത്തിയ മാലിന്യത്തില്‍ പകുതിയിലധികവും പ്ലാസ്റ്റിക്കാണെന്നും ഇവ നിക്ഷേപിക്കുന്നത് ബീച്ചില്‍ സന്ദര്‍ശനത്തിന് എത്തുന്നവരാണെന്നും എന്‍സിസിആര്‍ പറയുന്നു.  കടലില്‍ നിന്ന് തീരത്തടിയുന്ന മാലിന്യങ്ങളും, മത്സ്യബന്ധന ഉപകരണങ്ങളും ബീച്ചുകള്‍ മലിനമാക്കുവാന്‍ കാരണമാകുന്നു. കടലിലേയ്ക്ക് ഒഴുകിയെത്തുന്ന കായലുകളിലും കനാലുകളിലും പുഴകളിലും നിക്ഷേപിക്കുന്ന ഗാര്‍ഗിഹ മാലിന്യങ്ങളില്‍ ഒരു പങ്കും ബീച്ചില്‍ എത്തിച്ചേരുന്നുണ്ട്. അതു വഴിയും ബീച്ചുകള്‍ മലിനമാകുന്നുണ്ട്.

രാജ്യത്തെ പ്രധാനപ്പെട്ട 22 ബീച്ചുകള്‍ മലിനമാക്കുന്നതില്‍ ടൂറിസം അനുബന്ധ വ്യവസായങ്ങള്‍ മുന്നിലെന്നാണ് എന്‍സിസിആറിന്റെ കണക്ക്. ബീച്ചുകള്‍ മലിനപ്പെടുന്ന രീതികള്‍ മനസ്സിലാക്കാനാണ് ശുചീരണ യജ്ഞം നടത്തിയതെന്ന് എന്‍സിആര്‍ ഡയറക്ടര്‍ എം വി രമണ മൂര്‍ത്തി പറഞ്ഞു.

കേരളത്തിലെ ബീച്ചുകളില്‍ നിന്ന് ലഭിച്ച 6519 കിലോ മാലിന്യത്തില്‍ 8044 കിലോഗ്രാം മാലിന്യവും ലഭിച്ചത് കോഴിക്കോട് സൗത്ത് ബീച്ചില്‍ നിന്നായിരുന്നു. ഇതില്‍ മൂന്നേകാല്‍ ടണ്ണോളം പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നുവെന്ന് എന്‍സിസിആര്‍ പറയുന്നു. കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളോടു ചേര്‍ന്നുള്ള ബീച്ചുകളില്‍ മാലിന്യവും കൂടുതലായിരിക്കുമെന്നാണ് എന്‍സിസിആര്‍ ഡയറക്ടര്‍ പറയുന്നത്. എന്നാല്‍ പതിവായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഗോവയിലെയും ഒഡിഷയിലെയും മാലിന്യങ്ങള്‍ കുറവാണെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

Content highlights; NCCR report found that Kerala beaches are the dirtiest beaches among the country