ഐ.എസ്.ആര്.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹം കാര്‍ട്ടോസാറ്റ് 3ന്റെ വിക്ഷേപണം വിജയകരം. ഇന്ന് രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി.സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണ പഥത്തിലെത്തിച്ചത്.
ജൂലായ് 22ന് ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് ശേഷം ഇതാദ്യമായാണ് ഐ.എസ്.ആര്.ഒ. വീണ്ടും ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. ഈ വര്‍ഷത്തെ ഐ. എസ്.ആര്.ഒ.യുടെ അഞ്ചാമത്തെ വിക്ഷേപണമാണിത്. ജനുവരിയില്‍ കലാംസാറ്റ്, ഏപ്രിലില്‍ എമിസാറ്റ്, മെയ് മാസത്തില്‍ ആര്‍ഐ.സാറ്റ്2 ബി, എന്നിവയാണ് ചന്ദ്രയാന്‍ 2ന് പുറമെ ഈ വര്‍ഷം നടത്തിയ മറ്റ് വിക്ഷേപണങ്ങള്‍.
1625 കിലോഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് 3 അത്യാധുനിക ക്യാമറ സംവിധാനത്തോടെയുള്ള ഉപഗ്രഹമാണ്. രാജ്യത്തെ ദുരന്ത നിവാരണം, തീരദേശ ഭൂവിനിയോഗം, നഗരാസൂത്രണം തുടങ്ങിയ മേഖലയിലെ സേവനങ്ങളാണ് കാര്ട്ടോസാറ്റിൻറെ ദൗത്യം. ഭൂമിയില്‍ നിന്ന് 509 കിലോമീറ്റര്‍ മേലെയുള്ള ഭ്രമണപഥത്തിലായി ഭൂമിയെ ചുറ്റു൦. അഞ്ച് വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.
Content highlight; cartostat-3 satellite successfully launched