പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനും യുഎസ് സൈനിക വിന്യാസം തടയിടാനും ഇറാന് പദ്ധതിയിടുന്നു. യുഎസ് ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇറാന് രഹസ്യ ആക്രമണത്തിന് പദ്ധതിയിടുന്നതായി വ്യക്തമാക്കിയത്. ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുളള അത്യാധുനിക ആയുധങ്ങള്‍ ഇറാന് വിന്യസിക്കാന്‍ ആരംഭിച്ചതായി യുഎസ് വ്യക്തമാക്കി.
ഇറാന്റെ ഭൂഗര്‍ഗ മിസൈല്‍ നഗരങ്ങള്‍ അമേരിക്ക, ഇസ്രയേല്‍ ഉള്‍പ്പടെയുളള ശത്രു രാജ്യങ്ങള്‍ക്ക് എന്നും ഭീഷണിയാണ്. സൗദിയിലെ അരാംകോ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതിനും അടുത്തിടെ ഗള്‍ഫിലുണ്ടായ ദുരുഹ ആക്രമങ്ങള്‍ക്കും പിന്നില്‍ ഇറാനാണെന്നാണ് യുഎസ് അവകാശപ്പെടുന്നത്. ഡോണള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 14000 യുഎസ് സൈനികരെ പശ്ചിമേഷ്യയിലേക്ക് അയയ്ക്കാന്‍ തീരുമാനമെടുത്തു. 2018 ല്‍ ആണവകരാരില്‍ നിന്ന് പിന്മാറിയ യുഎസ് ഇറാന്റെ എണ്ണ കയറ്റുമതിക്കുമേല്‍ കനത്ത ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
റിപ്പബ്ലിക്കിന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് എയ്റോസ്പേസ് ഡിവിഷന്റെ കമാന്‍ഡറായിരുന്ന ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ നേരത്തെ തന്നെ ഇറാനിയന്‍ ഭൂഗര്‍ഭ ആയുധ ശേഖരത്തിന്റെ വിഡിയോ പ്രക്ഷേപണം ചെയ്തിരുന്നു. കോഡ് 7500 എന്ന പേരില്‍ അറിയപ്പെടുന്ന ഇറാന്റെ ആയുധപ്പുര ടെഹ്റാനിലെ ഖോജിറിലാണ് സ്ഥിതിചെയ്യുന്നത്. ബങ്കറുകള്‍ തകര്‍ക്കും ബോംബുകളെ നേരിടാന്‍ രൂപകല്പന ചെയ്തിട്ടുള്ളതാണ് കോഡ് 7500.
യുഎസോ ഇസ്രായേലോ ഇറാനിൽ ബോംബ് വർഷിക്കാനുള്ള സാഹചര്യം ഉണ്ടായാൽ ഭൂഗർഭ മിസൈലുകൾ ഉപയോഗിച്ച് ഇസ്രായേലിനെയോ മറ്റു ഗൾഫ് രാജ്യങ്ങളെയോ നിഷ്പ്രയാസം ഇറാന് ആക്രമിക്കാൻ സാധിക്കുമെന്നാണു യുഎസ് വിലയിരുത്തൽ.
Content Highlights; Iran is secretly moving missiles into Iraq