പൌരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. കടുത്ത വിമർശനങ്ങൾക്കിടയിലും പ്രാദേശിക കക്ഷികളുടെ പിന്തുണയോടു കൂടി ബിൽ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. 12 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ലോക് സഭയിൽ ബിൽ പാസാക്കിയത്. രാജ്യസഭയിലും ഇത്തരം നീണ്ട ചർച്ചകൾ ഉണ്ടാകും എന്നാണ് സൂചന. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് ബിൽ പരിഗണിക്കുന്നത്.
മികച്ച ഭൂരിപക്ഷത്തോടെയാണ് ലോക് സഭയിൽ ബില്ല് പാസ്സായത്. 80 വോട്ടുകൾക്കെതിരെ 311 വോട്ടുകൾക്കാണ് ബിൽ ലോക്സഭയിൽ പാസായത്. എന്നാൽ രാജ്യസഭയിൽ ആ ഭൂരിപക്ഷം ബിജെപിക്ക് ഇല്ല. ബില്ല് പാസ്സാകുമെന്ന കാര്യത്തിൽ ഭരണകക്ഷിയായ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തികഞ്ഞ തയ്യാറെടുപ്പോടുകൂടിയാണ് അമിത് ഷാ ബില്ലുമായി പാർലമെൻ്റെിലെത്തുന്നത്.
നിലവിൽ 240 പേരാണ് രാജ്യസഭയുടെ അംഗബലം. കേവലഭൂരിപക്ഷത്തിന് 121 പേർ വേണം. 14 പേരുടെ പിന്തുണ കൂടി എൻഡിഎ പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ അംഗബലം 130 ആയി ഉയരും. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായികിന്‍റെ ബിജെഡിയുടെ ഏഴ് അംഗങ്ങൾ, ആന്ധ്രാ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന്‍റെ രണ്ട് പേർ, ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയുടെ രണ്ട് പേർ എന്നിവരും ഈ 14 പേരിൽ പെടും. വാേട്ടെടുപ്പിൽ ബിൽ എളുപ്പത്തിൽ പാസ്സാകുമെന്ന ഉറപ്പിലാണ് ബിജെപിയും അമിത് ഷായും.
Content Highlight: citizenship amendment bill faces crucial Rajya sabha test today