യുഎപിഎ അറസ്റ്റ്; പ്രതികളുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണത്തിൽ അറസ്റ്റിലായ അലന്‍ ഷുഹൈബ്,താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. ഇരുഭാഗവും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലാ കോടതിയുടെ തീരുമാനം. രണ്ടു പ്രതികള്‍ക്കുമെതിരെ യുഎപിഎ നിലനില്‍ക്കുന്നു എന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

പ്രതികൾ മാവോയിസ്റ്റുകളെന്ന് എഫ്ഐആറിൽ പറയുന്നുണ്ടല്ലോ എന്നും ഇതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നും കോടതി പോലീസിനോട് ചോദിച്ചു. അതേസമയം യുഎപിഎ സാധ്യത പരിശോധിക്കുന്നതിന് രണ്ടു ദിവസം സമയം വേണമെന്നാണ് പോലീസിൻറെ ആവശ്യം.

യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്നും വിദ്യാർത്ഥികളുടെ ഭാവി തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്ന് അഭിഭാഷകര്‍ വാദിച്ചു.

നിരോധിത സംഘടനയില്‍ അംഗത്വം, ലഘുലേഖകളുടെ വിതരണം, ആശയപ്രചാരണം തുടങ്ങിയ കാര്യങ്ങൾ ആരോപിച്ചാണ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് യുവാക്കൾക്കെതിരെ കേസെടുത്തത്.

എന്നാൽ ഇരുവരുടേയും അറസ്റ്റിനെ തുടർന്നുണ്ടായ കടുത്ത പ്രതിഷേധം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അലന്‍ മാവോയിസം അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചു എന്ന് പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിട്ടുണ്ട്. അതേസമയം അലനെ ഭീഷണിപ്പെടുത്തിയാണ് മുദ്രവാക്യം വിളിപ്പിച്ചതെന്ന് ബന്ധുകള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here