അനധികൃത സ്വത്ത് സമ്പാദനം: മുലായം സിങ് യാദവിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനും മക്കളായ അഖിലേഷ് യാദവിനും പ്രതീക് യാദവിനും സിബിഐയുടെ ക്ലീന്‍ ചിറ്റ്. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരേ തെളിവ് കണ്ടെത്താനായില്ലെന്നും 2013-ല്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനു റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിച്ചതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിനുശേഷം കേസില്‍ അന്വേഷണം നടന്നിട്ടില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.